ബോംബൈ ഹൈക്കോടതി ജഡ്ജി എസ്.സി ധര്‍മ്മാധികരി രാജിവെച്ചു; വിരമിക്കാന്‍ രണ്ടു വര്‍ഷം കൂടി ശേഷിക്കേ പദവി ഉപേക്ഷിക്കുന്നത് കോടതിയിലെ രണ്ടാമന്‍

യുക്തിവാദിയായ നരേന്ദ്ര ദഭോല്‍ക്കറുടെ കമ്മ്യുണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരെയുടെയും കൊലപാതക കേസുകളില്‍ അന്വേഷണത്തിന് കാലതാമസം നേരിട്ടതില്‍ അന്നത്തെ ബി.ജെ.പി സര്‍ക്കാരിനോട് കടുത്തഭാഷയിലാണ് ധര്‍മ്മാധികാരിയുടെ ബെഞ്ച് പ്രതികരിച്ചത്.

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/02/372805/bombay_dharmadhikari.jpg
Justice SC Dharmadhikari

മുംബൈ: ബോംബെ ഹൈക്കോടതി ജഡ്ജിമാരില്‍ ചീഫ് ജസ്റ്റീസുകഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ആയ ജസ്റ്റീസ് സത്യരഞ്ജന്‍ സി. ധര്‍മ്മാധികാരി രാജിവച്ചു. 'വ്യക്തിപരവും കുടുംബപരവുമായ' കാരണങ്ങളാലാണ് രാജി. ഇന്നലെയാണ് രാജിക്കത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ചത്.

കഴിഞ്ഞ 16 വര്‍ഷമായി ഹൈക്കോടതി ജഡ്ജിയായി സേവനം ചെയ്യുന്ന ധര്‍മ്മാധികാരി വിരമിക്കാന്‍ രണ്ടു വര്‍ഷം കൂടി ശേഷിക്കേയാണ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. രാജിക്കാര്യം കോടതിമുറിയില്‍ അഭിഭാഷകര്‍ ഉന്നയിച്ചപ്പോള്‍ താന്‍ ഇന്നു കൂടി മാത്രമേ സര്‍വീസിലുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ചീഫ് ജസ്റ്റീസായ പ്രദീപ് നന്ദരാജോഗ് ഈ മാസം 24ന് വിരമിക്കാനിരിക്കേയാണ് കോടതിയിലെ രണ്ടാമനായ ധര്‍മ്മാധികാരിയുടെ രാജി. പുതിയ ചീഫ് ജസ്റ്റീസ് ചുമതയേറ്റാല്‍ മറ്റേതെങ്കിലും ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റമുണ്ടായേക്കും. വ്യക്തിപരവും കുടുംബപരവുമായ ചുമതലകളാല്‍ മാറിനില്‍ക്കാന്‍ കഴിയാത്തതിനാലാണ് രാജിയെന്ന് കരുതുന്നു.

നിരവധി സുപ്രധാന വിധികളും ഉത്തരവുകളും ധര്‍മ്മാധികാരിയുടെ ബെഞ്ചില്‍ നിന്ന് വന്നിട്ടുണ്ട്. യുക്തിവാദിയായ നരേന്ദ്ര ദഭോല്‍ക്കറുടെ കമ്മ്യുണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരെയുടെയും കൊലപാതക കേസുകളില്‍ അന്വേഷണത്തിന് കാലതാമസം നേരിട്ടതില്‍ അന്നത്തെ ബി.ജെ.പി സര്‍ക്കാരിനോട് കടുത്തഭാഷയിലാണ് ധര്‍മ്മാധികാരിയുടെ ബെഞ്ച് പ്രതികരിച്ചത്.

ഇന്ന് രാജ്യത്തെ ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റീസുമാര്‍ കഴിഞ്ഞാല്‍ ഏറ്റവും സീനിയറായ ജഡ്ജിയാണ് ധര്‍മ്മാധികാരി. 1960 ജനുവരി 26ന് മഹാരാഷ്ട്രയിലെ അഭിഭാഷക കുടുംബത്തില്‍ ജനിച്ച ധര്‍മ്മാധികാരിയുടെ പിതാവ് ചന്ദ്രശേഖര്‍ ധര്‍മമാധികാരി മുന്‍പ് ബോംബെ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായിരുന്നു. ബോംബെ സര്‍വകലാശാലയില്‍ നിന്നും എല്‍.എല്‍.ബി പാസായ ധര്‍മ്മാധികാരി 2003ലാണ് ഹൈക്കോടതി ജഡ്ജിയാകുന്നത്.