സിഎജി റിപ്പോർട്ടിൽ പ്രതിരോധത്തിൽ സർക്കാർ
by Ruhasina J Rതിരുവനന്തപുരം: പൊലീസിലെ ഗുരുതര ക്രമക്കേടുകളെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിന്മേലുള്ള തുടർ നടപടികളിൽ സർക്കാറിന് മെല്ലെപ്പോക്ക്. ഇന്നത്തെ മന്ത്രിസഭാ യോഗം റിപ്പോർട്ട് ചർച്ച ചെയ്തില്ല. പ്രതിപക്ഷം ഗവർണറെ സമീപിക്കാനൊരുങ്ങുന്നത് മുൻകൂട്ടി കണ്ട് ഡിജിപി ഗവർണറെ ഇന്നലെ നേരിട്ട് കണ്ട് വിശദീകരണം നൽകി.
പൊലീസ് മാത്രമല്ല സർക്കാർ ആകെ സിഎജി റിപ്പോർട്ടിൽ പ്രതിരോധത്തിലാണ്. പക്ഷെ തുടർ നടപടിയും പ്രതികരണങ്ങളുമെല്ലാം കരുതലോടെ മാത്രം. വിഴിഞ്ഞം പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ചുള്ള സിഎജി റിപ്പോർട്ട് വന്ന് ഒരാഴ്ചക്കുള്ളിലായിരുന്നു സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. പൊലീസിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിൽ സ്വന്തം നിലയ്ക്കുള്ള അന്വേഷണം പ്രഖ്യാപിക്കുന്നതിന്‍റെ സൂചനകൾ ഇതുവരെ സർക്കാറിൽ നിന്നും കിട്ടുന്നില്ലെന്ന് ഞങ്ങളുടെ തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു.
റിപ്പോർട്ടിന്മേൽ പരിശോധന നടത്തേണ്ട നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് (PAC) വിശദീകരണം നൽകി തടിയൂരാനാണ് ശ്രമം. സിഎജി റിപ്പോർട്ടിന്മേൽ ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥരിൽ നിന്നും വി ഡി സതീശൻ അധ്യക്ഷനായ പിഎസി, മറുപടി തേടും. തെളിവെടുപ്പുകൾക്ക് ശേഷമാണ് പിഎസി സർക്കാരിന്റി പ്പോർട്ട് നൽകുക. തെളിവെടുപ്പിൽ ബന്ധപ്പെട്ടവർ നൽകിയ വിശദീകരണത്തിൽ തൃപ്തിയുണ്ടോ, അതോ കൂടുതൽ അന്വേഷണം ആവശ്യമാണോ, അങ്ങനെയെങ്കിൽ ഏത് തരം തുടരന്വേഷണം വേണമെന്ന് ഈ റിപ്പോർട്ടിലുണ്ടാകും.