2020 ജനുവരി: 141 വർഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ മാസം
by വെബ് ഡെസ്ക്141 വർഷത്തെ ഏറ്റവും ചൂടേറിയ ജനുവരിയാണ് കടന്നുപോകുന്നത്. കരയിലും കടലിലും ഒരേപോലെ ചൂടേറിയ ജനുവരി. നാഷണൽ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനാണ് (നോവ) വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ജനുവരിയിലെ റെക്കോർഡ് താപനില 2019 ലെ അസാധാരണമായ താപനിലയുടെ ബാക്കിപത്രമാണ്. ഗ്രഹോപരിതല താപനില ഏറ്റവും കൂടിയ രണ്ടാമത്തെ വർഷമായിരുന്നു 2019. കഴിഞ്ഞ അഞ്ച് വർഷവും കഴിഞ്ഞ ദശകവും 150 വർഷത്തെ റെക്കോർഡ് താപനില രേഖപ്പെടുത്തിയ കാലമായിരുന്നു. കാലാവസ്ഥാ പ്രതിസന്ധിയുടെ ഏറ്റവും വലിയ ഉദാഹരണമാണിത്.
നോവയുടെ അഭിപ്രായത്തിൽ, കഴിഞ്ഞ മാസത്തെ ശരാശരി ആഗോളതലത്തില്‍ ഭൂമിയുടെയും സമുദ്രത്തിന്റെയും ഉപരിതല താപനില ഇരുപതാം നൂറ്റാണ്ടിലെ ശരാശരിയേക്കാൾ 1.14 സെന്റിഗ്രേഡ് കൂടുതലാണ്. 2016-ലെ ജനുവരിയുടെ റെക്കോര്‍ഡ് താപനിലയാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.
റഷ്യ, സ്കാൻഡിനേവിയ, കിഴക്കൻ കാനഡ എന്നിവിടങ്ങളിൽ അസാധാരണമായ താപനിലയാണ് അനുഭവപ്പെടുന്നത്. സ്വീഡിഷ് പട്ടണമായ ഓറെബ്രോയില്‍ 10.8 സെന്റിഗ്രേഡില്‍ എത്തി. 1858 ന് ശേഷം ആദ്യമായാണ് അവിടെ ഇത്രയും ചൂട് അനുഭവപ്പെടുന്നത്.
അതേസമയം, അന്റാർട്ടിക്ക് മേഖലയിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. തെക്കൻ ധ്രുവ ഭൂഖണ്ഡം അതിന്റെ ചരിത്രത്തിൽ ആദ്യമായി 20 സെന്റിഗ്രേഡ് താപനില അനുഭവിച്ചത് ഫെബ്രുവരി 9-നാണ്. 'അവിശ്വസനീയവും അസാധാരണവുമായ' പ്രതിഭാസം എന്നാണ് ശാസ്ത്രജ്ഞർ അതിനെകുറിച്ച് പ്രതികരിച്ചത്.