https://www.deshabhimani.com/images/news/large/2020/02/untitled-1-849810.jpg

ആർത്തവ പരിശോധന; ഗുജറാത്തിൽ കോളേജ്‌ വിദ്യാർഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ചു

by

അഹമ്മദാബാദ് > ഗുജറാത്തില്‍ ക്ലാസ് റുമിലിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചിറക്കി ആര്‍ത്തവ പരിശോധന നടത്തി കോളേജ് പ്രിന്‍സിപ്പാള്‍. ഹോസ്റ്റല്‍വാസികളായ 68 പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചാണ് സഹജാനന്ദ വനിതാ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റിത എം റാണിഗ്ര പരിശോധന നടത്തിയത്.

കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ ആര്‍ത്തവ സമയത്ത് അടുക്കളയില്‍ കയറുന്നു എന്ന പരാതി ഹോസ്റ്റല്‍ വാര്‍ഡന്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പാള്‍ ക്ലാസ് റൂമില്‍ നിന്നും പെണ്‍കുട്ടികളെ ഇറക്കി പരിശോധന നടത്തിയത്.

വിദ്യാര്‍ത്ഥികളെ ക്ലാസ് റൂമില്‍ നിന്നിറക്കി വരിയായി വരാന്തയില്‍ നിര്‍ത്തി വാഷ് റൂമില്‍ കൊണ്ട് പോയി പരിശോധിക്കുകയായിരുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ തന്നെയാണ് പരിശോധന നടന്നതും. പരാതിപ്പെടാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പ്രിന്‍സിപ്പാള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടികള്‍ പറഞ്ഞു.

വ്യാഴാഴ്ച്ചയാണ് കച്ചി യൂണിവേഴ്‌സിറ്റിയ്ക്ക് കീഴിലുള്ള കോളേജില്‍ സംഭവം നടന്നത്. 1500 കുട്ടികള്‍ പഠിക്കുന്ന കോളേജാണ് ബുജിലെ സഹജാനന്ദ. ഹോസ്റ്റലില്‍ ഇത്തരത്തില്‍ നിരവധി വിവേചനങ്ങള്‍ നടക്കാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കോളേജ് പ്രിന്‍സിപ്പാളിനെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.