എന്‍.ഐ.എ അന്വേഷണം ഡി.ജി.പി അട്ടിമറിച്ചേക്കാം; ജുഡീഷ്യല്‍ അന്വേഷണം നടത്തണം-മുല്ലപ്പള്ളി
കോഴിക്കോട്: കേരള പോലീസിന്റെ ആയുധങ്ങള്‍ കാണാതായ സംഭവം ഹൈക്കോടതി നിശ്ചയിക്കുന്ന പ്രത്യേക ജഡ്ജിന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുന്‍ എന്‍.ഐ.എ ഉദ്യോഗസ്ഥനായത് കൊണ്ട് ഒരു പക്ഷെ എന്‍.ഐ.എയുടെ അന്വേഷണത്തെ പോലും അദ്ദേഹത്തിന് തടസ്സപ്പടുത്താനാവും. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും മുഖ്യമന്ത്രിയും നരേന്ദ്രമോദിയും തമ്മിലുള്ള അന്തര്‍ധാര അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേന്ദ്രത്തെ ഭയപ്പെടുകയാണ് മുഖ്യമന്ത്രി. നരേന്ദ്രമോദിയുടെ താളത്തിന് തുള്ളുന്ന കുഞ്ഞിരാമനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറരുത്. ഡി.ജി.പിയും നരേന്ദ്രമോദിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് മുന്‍പും പറഞ്ഞതാണ്. ഇത് ശരിയാണെന്ന് തോന്നിക്കുന്ന തരത്തിലാണ് ഇപ്പോള്‍ പുറത്ത് വരുന്ന സംഭവങ്ങളെന്നും മുല്ലപ്പള്ളി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയാണ് ഡി.ജി.പിയെ സംരക്ഷിക്കുന്നത്. പിണറായി വിജയനാണോ അതല്ല ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണോ ആഭ്യന്തരമന്ത്രിയെന്ന് വ്യക്തമാവാത്ത അവസ്ഥയാണുള്ളത്. ഒരു കാരണവുമില്ലാതെ കോഴിക്കോട്ടെ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരേ യു.എ.പി.എ ചുമത്തിയവരോട് ആയുധം കാണാതായ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ യു.എ.പി.എ ചുമത്താന്‍ നിര്‍ദേശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. പതിനാറാം തീയതിക്ക് ശേഷം വിഷയത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.