പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 സൈനികരുടെയും വീടുകളിലെത്തി ഒരുപിടി മണ്ണ് ശേഖരിച്ച് ഉമേഷ്

ലെതോപോരയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ നടന്ന അനുസ്മരണ ചടങ്ങിലെ പ്രത്യേക ക്ഷണിതാവായിരുന്നു ഉമേഷ് ഗോപിനാഥ്.

https://www.mathrubhumi.com/polopoly_fs/1.4528521.1581684983!/image/image.jpg_gen/derivatives/landscape_894_577/image.jpg
courtesy; ANI

ന്യൂഡല്‍ഹി: യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ബെംഗളൂരുവിലെ പാട്ടുകാരനാണ് ഉമേഷ് ഗോപിനാഥ് ജാധവ്. പാട്ടുകാരന്‍ എന്നതിലുപരി ഇന്ത്യന്‍ സൈന്യത്തെ ജീവനോളം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഉമേഷ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ വെള്ളിയാഴ്ച കശ്മീരിലെ ലെതോപോരയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ നടന്ന അനുസ്മരണ ചടങ്ങിലെ പ്രത്യേക ക്ഷണിതാവായിരുന്നു ഉമേഷ് ഗോപിനാഥ് ജാധവ്.

പുല്‍വാമയില്‍ വീരമൃത്യു വരിച്ച  40 സിആര്‍പിഎഫ് ജവാന്‍മാരുടെയും വീടുകള്‍ സന്ദര്‍ശിച്ച് അവിടെനിന്നും ഒരു പിടി മണ്ണ് ചെറുഭരണിയില്‍ ശേഖരിച്ചാണ് ഉമേഷ് സൈനികരോടുള്ള തന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നത്. ഇതാണ് പുല്‍വാമ ഓര്‍മദിനത്തില്‍ സൈനികര്‍ക്കുള്ള സ്മാരകത്തിന്റെ ഉദ്ഘാടനത്തിനായി ഉമേഷിനെ സിആര്‍പിഎഫ് ക്യാമ്പിലേക്ക് ക്ഷണിക്കാനുള്ള കാരണവും. 

രാജ്യത്തുടനീളം ഏകദേശം 61,000 കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ചാണ് ഉമേഷ് ജാധവ് 40 സൈനികരുടെയും വീടുകള്‍ സന്ദര്‍ശിച്ചത്. വീടുകളില്‍നിന്നും ജവാന്‍മാരെ സംസ്‌കരിച്ച സ്ഥലത്തുനിന്നും ശേഖരിച്ച മണ്ണ്‌ സൈനികരുടെ ഓര്‍മയ്ക്കായി ലെതോപോര ക്യാമ്പില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ഉമേഷ് സിആര്‍പിഎഫിന്‌ സമര്‍പ്പിക്കുകയും ചെയ്തു. 

പുല്‍വാമയില്‍ ജീവന്‍ നഷ്ടമായ ധീരജവാന്‍മാരുടെ കുടുംബങ്ങളെ അവരുടെ വീടുകളിലെത്തി സന്ദര്‍ശിക്കാനായതില്‍ അഭിമാനമുണ്ടെന്നും, ജീവന്‍ പൊലിഞ്ഞ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനാണ് ഇത്തരത്തില്‍ യാത്ര നടത്തിയതെന്നും ഉമേഷ് പറയുന്നു. 

https://www.mathrubhumi.com/polopoly_fs/1.4528524!/image/image.jpg_gen/derivatives/landscape_607/image.jpg
courtesy; ANI

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒമ്പത് മുതലാണ് സൈനികരുടെ ഭവന സന്ദര്‍ശനം ഉമേഷ് ആരംഭിച്ചത്. പത്ത് മാസത്തോളം സമയമെടുത്താണ് പതിനാറ് സംസ്ഥാനങ്ങളിലായുള്ള 40 സൈനികരുടെയും വീടുകളിലെത്തി കുടുംബാഗംങ്ങളെ ഉമേഷ് ഗോപിനാഥ് നേരില്‍കണ്ടത്. 

content highlights; Umesh Gopinath Jadhav, the man collected soil from Pulwama attack martyrs' home