വിജയശതമാനത്തെ ബാധിക്കുമെന്ന പേരില്‍ ആദിവാസി വിദ്യാര്‍ത്ഥിക്ക് പ്രവേശനം നിഷേധിച്ച് കട്ടപ്പനയിലെ ട്രൈബല്‍ സ്‌കൂള്‍; സംഭവം വിവാദമായതോടെ പണം നല്‍കി സ്വാധീനിക്കാനും ശ്രമം
by കവിത രേണുകഇടുക്കി: വിജയ ശതമാനം മെച്ചപ്പെടുത്താന്‍ ആദിവാസി വിദ്യാര്‍ത്ഥിക്ക് പ്രവേശനം നിഷേധിച്ചെന്ന് പരാതി. ഇടുക്കിയിലെ കട്ടപ്പന ട്രൈബല്‍ സ്‌കൂളിനെതിരെയാണ് ആരോപണമുണ്ടായിരിക്കുന്നത്. അഞ്ചുരുളി ആദിവാസിക്കുടിയിലെ ബിനുവിനാണ് പത്താംക്ലാസിലേക്കുള്ള പ്രവേശനം നിഷേധിച്ചതായി പരാതി വന്നത്.
കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ബിനു ഈ സ്‌കൂളില്‍ പഠിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.
പിന്നീട് എത്ര പറഞ്ഞിട്ടും മകന് സ്‌കൂളില്‍ പ്രവേശനം നല്‍കിയില്ലെന്നും, പ്രവേശനം നല്‍കിയാല്‍ സ്‌കൂളിലെ പത്താംക്ലാസ് ഫലത്തെ ദോഷമായി ബാധിക്കുമെന്നും അധ്യാപിക പറഞ്ഞതായി ബിനുവിന്റെ അമ്മ രമ്യ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘തുടക്കത്തില്‍ സ്‌കൂള്‍ തുറന്ന സമയം തന്നെ അവന്‍ പഠിക്കാന്‍ പോയിരുന്നതാണ്. അന്ന് ഇവനെ ചേര്‍ക്കാനായി ചെന്നപ്പോള്‍ തന്നെ പറഞ്ഞത് ഇവനെ ചേര്‍ക്കാന്‍ പറ്റില്ല. അവന്‍ സ്‌കൂളിന്റെ പേര് കളയും, മറ്റുകുട്ടികളെ കൂടി ചീത്തയാക്കും എന്നൊക്കെയാണ്. അവന്‍ കാരണം സ്‌കൂളിന്റെ പേര് നശിക്കില്ലെന്ന് ഞാന്‍ പറഞ്ഞതാണ്. പക്ഷെ അവര്‍ അതിന് സമ്മതിച്ചില്ല,’ രമ്യ പറഞ്ഞു.
പ്രവേശനം നല്‍കാതിരുന്നതിനെതിരെ പരാതി നല്‍കിയപ്പോള്‍ അധ്യാപിക വീട്ടില്‍ വന്ന് പരാതി പിന്‍വലിക്കാന്‍ നിര്‍ദേശിച്ചതായും അവര്‍ വ്യക്തമാക്കി.
‘എന്നോട് പരാതി പിന്‍വലിക്കാന്‍ പറഞ്ഞു. എനിക്ക് ഒരു പരാതിയുമില്ലെന്നും കുട്ടിക്ക് മടിയായതുകൊണ്ടാണ് സ്‌കൂളില്‍ വരാത്തതെന്ന് പറയണം എന്നും അധ്യാപിക എന്നോട് പറഞ്ഞു.,’ രമ്യ പറഞ്ഞു.
നല്‍കിയ പരാതി തിരിച്ചെടുക്കാന്‍ തയ്യാറല്ലെന്നും രമ്യ അധ്യാപികയോട് പറയുകയായിരുന്നു. പരാതി പിന്‍വലിക്കാന്‍ പണം നല്‍കാന്‍ ശ്രമിച്ചതായും രമ്യ പറഞ്ഞു.
‘പരാതി പിന്‍വലിക്കാന്‍ പണം തരാമെന്ന് പറഞ്ഞ് 1500 രൂപ എന്റെ കയ്യില്‍ വെച്ചു തന്നു. ഈ പണം പോരെങ്കില്‍ വേറെ പണം തരാമെന്നും അവര്‍ പറഞ്ഞു. അവരുടെ കാശ് എനിക്ക് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. എന്റെ കുട്ടിയുടെ വിദ്യാഭ്യാസമാണ് മുടക്കിയത്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും പണം വാങ്ങില്ലെന്ന് ഞാന്‍ പറഞ്ഞു,’ രമ്യ വ്യക്തമാക്കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പഠനം നിഷേധിക്കപ്പെട്ടതോടെ ബിനു വീണ്ടും കൂലിപ്പണിക്ക് തന്നെ പോയി തുടങ്ങിയെന്നും രമ്യ പറഞ്ഞു. പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും തൊടുപുഴ ഡി.ഇ.ഓയ്ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ബിനുവിന്റെ അമ്മ പറഞ്ഞു.
സ്‌കൂളില്‍ നിന്നും ഇതുവരെ വിളിക്കുകയോ കുട്ടിയെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നും തന്നെ പറയുകയോ ചെയ്തിട്ടില്ല. രമ്യയുടെ സഹോദരന്റെ മകനെയും വിജയശതമാനം കുറയുമെന്ന പേര് പറഞ്ഞ് സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ലെന്നും ഇവര്‍ പറയുന്നു.
ആദിവാസി കുട്ടികളുടെ ഉന്നമനത്തിനായി നടത്തുന്ന ട്രൈബല്‍ സ്‌കൂളുകളിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇത്തരം സംഭവങ്ങള്‍ നടത്തുന്നതെന്നാണ് ഏറ്റവും ദയനീയമെന്നും സ്‌കൂളില്‍ ചേരാന്‍ വന്ന രമ്യയെയും ബിനുവിനെയും അധ്യാപിക അപമാനിച്ച് ഇറക്കിവിടുകയായിരുന്നെന്നും പേര് വെളിപ്പെടുത്തെരുതെന്ന് നിബന്ധനയോടെ ഒരു വ്യക്തി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘രമ്യയുടെ മകന്‍ കഴിഞ്ഞ വര്‍ഷം പത്താം ക്ലാസില്‍ ഇതേ സ്‌കൂളില്‍ പഠിച്ചിരുന്നു. എന്നാല്‍ പിന്നീട് സ്‌കൂളില്‍ ലോങ് ലീവായപ്പോള്‍ പേര് വെട്ടിക്കളഞ്ഞു. ബിനുവിന് വയറു സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. അതിന് ശേഷം ബിനു കഴിഞ്ഞ വര്‍ഷം പഠിക്കാനൊന്നും പോയിരുന്നില്ല.
വീട്ടിലെ സ്ഥിതിയും നല്ലതായിരുന്നില്ല. എന്നാല്‍ കുട്ടി തന്നെ സ്വയം താത്പര്യമെടുത്ത് ഈ അധ്യയന വര്‍ഷത്തില്‍ പഠിക്കണമെന്ന് പറയുകയും അമ്മയെയും കൂട്ടി സ്‌കൂളില്‍ ചേരാന്‍ പോവുകയുമായിരുന്നു. ചേരാന്‍ വന്നപ്പോള്‍ പ്രധാനധ്യാപിക ബിനുവിനെയും അമ്മയെയും മറ്റു വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും മുന്നില്‍ വെച്ച് അപമാനിക്കുകയായിരുന്നു. ബിനുവിനെ ചേര്‍ത്തിയാല്‍ മറ്റു കുട്ടികള്‍ പോലും ചീത്തയായി പോവുമെന്നും അവര്‍ പറഞ്ഞു.
രമ്യ പ്രധാനാധ്യാപികയോട് കേണു പറഞ്ഞിട്ടും അവര്‍ ബിനുവിനെ സ്‌കൂളിലെടുക്കാന്‍ തയ്യാറായില്ല. അതേ പോലെ രമ്യയുടെ സഹോദരന്റെ മകനെയും ചേര്‍ത്താന്‍ വന്നപ്പോള്‍ ഇതേ ന്യായം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ആദിവാസി വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ആദിവാസി സ്‌കൂളിലാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്ന് ഓര്‍ക്കണം.
ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയാനും അവരെ പരമാവധി ഉള്‍പ്പെടുത്താന്‍ വേണ്ടിയുമാണ് ട്രൈബല്‍ സ്‌കൂളുകള്‍ ശ്രമിക്കേണ്ടതെന്നിരിക്കേ ആണ് ഒരു ട്രൈബല്‍ സ്‌കൂളില്‍ നിന്നും ഇത്തരത്തിലുള്ള നടപടി ഉണ്ടായിരിക്കുന്നത്. നിലവില്‍ ഈ രണ്ടു കുട്ടികളും ഇപ്പോള്‍ സ്‌കൂളില്‍ പോവാന്‍ സാധിക്കാതെ ഇരിക്കുകയാണ്,’ പേര് വെളിപ്പെടുത്താനാവാത്ത വ്യക്തി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാനാകാത്ത നടപടിയില്‍ രമ്യ വിദ്യാഭ്യാസ വകുപ്പിനും മറ്റും പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കിയ വിവരം അറിഞ്ഞ പ്രധാനാധ്യാപിക പണം കൊടുത്ത് സ്വാധീനിക്കാന്‍ ഇവരുടെ വീട്ടിലെത്തുകയും ചെയ്തു.
അതിനു പുറമെ, നല്‍കിയ പരാതിയിന്മേല്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണമാരംഭിച്ചപ്പോള്‍ അത്തരത്തില്‍ അഡ്മിഷന്‍ എടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ വന്നിട്ടേയില്ലെന്നാണ് അധ്യാപിക പറഞ്ഞതെന്നും പേര് വെളിപ്പെടുത്താനാവാത്ത വ്യക്തി പറഞ്ഞു.
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും സാമൂഹ്യമായ അരികുവല്‍ക്കരണങ്ങളും കാരണം പൊതു രംഗത്തേക്ക് കടന്നുവരാന്‍ ആദിവാസി വിഭാഗത്തിന് സാധിക്കാറില്ല. അവരുടെ ഉന്നമനത്തിനും ക്ഷേമത്തിനും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാലത്താണ് പഠിക്കാനാഗ്രഹിച്ചു വന്ന വിദ്യാര്‍ത്ഥിക്ക് പഠനം നിഷേധിച്ച സാഹചര്യമുണ്ടായത്. ബിനുവും കുടുംബവും നല്‍കിയ പരാതിയില്‍ ആവശ്യമായ നടപടികള്‍ പോലും ഇതുവരെയും നടപ്പിലാകാത്തത് തീര്‍ത്തും നിരാശാജനകമാണെന്ന് സാമൂഹ്യ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.