https://img.manoramanews.com/content/dam/mm/mnews/news/world/images/2020/2/14/elephant-africa.jpg

70 ആനകളെ കൊല്ലാം; കൊമ്പെടുക്കാം; വേട്ടക്കാർക്ക് ലേലത്തിലൂടെ ലൈസൻസ്

by

70 ആനകളെ കൊല്ലാനുള്ള ലൈസൻസ് നൽകാൻ പോവുകയാണ് ബോട്സ്വാന. ആഫ്രിക്കൻ രാജ്യങ്ങളിൽ ആനകളുടെ എണ്ണം കുറയുമ്പോൾ സിംബാബ്‌വെയിലും ബോട്സ്വാനയിലും ആനകളുടെ എണ്ണം കൂടുകയാണ്. ഇതോടെ മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളും വർധിച്ചു. ഇതോടെയാണ് ആനകളെ കൊല്ലാൻ വേട്ടക്കാർക്ക് ലൈസൻസ് ലേലത്തിലൂടെ നൽകാൻ അധികൃതർ തീരുമാനിച്ചത്.

പ്രസിഡന്റ് മോക്ഗ്വീറ്റ്സി മസീസി ആനവേട്ടയ്‌ക്കുള്ള നിയമ വിലക്ക് നീക്കിയ ശേഷം ആദ്യമായാണ് അവയെ വേട്ടയാടുന്നതിനുള്ള ലൈസൻസ് ഭരണകൂടം നൽകുന്നത്.ലൈസൻസ് നൽകുന്നവർക്ക് ആനവേട്ട നടത്തുന്നതിനുള്ള സ്ഥലപരിധി നിർണയിച്ചു നൽകുമെന്ന് ബോട്സ്വാനയിലെ ഡിപ്പാർട്ട്മെൻറ് ഓഫ് നാഷണൽ പാർക്ക് ആൻഡ് വൈൽഡ് ലൈഫിന്റെ വക്താവ് പറയുന്നു. ബോട്സ്വാനയിൽ തന്നെ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കമ്പനികൾക്കു മാത്രമാണ് ലൈസൻസ് അനുവദിച്ചു നൽകുന്നത്.

10 ആനകളെ വീതം വേട്ടയാടുന്നതിനുള്ള ഏഴ് ലൈസൻസുകളാണ് ഭരണകൂടം ലേലത്തിൽ വയ്ക്കുന്നത്. ഓരോ ലൈസൻസും ഓരോ പ്രദേശത്തിനനുസരിച്ചായിരിക്കും നൽകുക. ജനങ്ങളും ആനകളുമായി കൂടുതൽ ഏറ്റുമുട്ടലുകൾ ഉണ്ടാകുന്ന പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് അവിടുത്തെ ആനകളെ വേട്ടയാടാനുള്ള ലൈസൻസ് നൽകാനാണ് നിലവിലെ തീരുമാനം.