ഒമര്‍ അബ്ദുള്ളയുടെ കരുതല്‍ തടവ്; സഹോദരിയുടെ ഹര്‍ജിയില്‍ ജമ്മു കശ്മീരിന് സുപ്രീം കോടതി നോട്ടീസ്

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/02/372802/Omar_abdullah.jpg

ന്യുഡല്‍ഹി: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയെ പൊതുസുരക്ഷ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് ചോദ്യം ചെയ്ത് സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ജമ്മു കശ്മീര്‍ ഭരണകൂടത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.

മാര്‍ച്ച് രണ്ടിന് മറുപടി നല്‍കണമെന്നാണ് ജസ്റ്റീസ് അരുണ്‍ മിശ്ര ജമ്മു കശ്മീര്‍ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കരുതല്‍ തടവ് വ്യക്തിഗത സ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും ബാധിക്കുന്നതായി സാറ അബ്ദുള്ളയുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. എത്രയും വേഗം പരിഗണിക്കണമെന്ന് സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിങ്ങള്‍ വളരെകാലം കാത്തിരുന്നു. ഹര്‍ജി നല്‍കാന്‍ ഒരു വര്‍ഷത്തോളം വൈകിയില്ലെ എന്നായിരുന്നു കോടതിയുടെ മറുപടി.

പൊതുസുരക്ഷ നിയമപ്രകാരമായുള്ള തടങ്കലും ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരു വര്‍ഷത്തോളം വൈകിയില്ലെന്നുമുള്ള സിബലിന്റെ വാദം കോടതി പരിഗണിച്ചില്ല. അത് കരുതല്‍ തടവാണ്. പൊതുസുരക്ഷാ നിയമപ്രകരമാണ്. നിയമം അതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒമറിന്റെ സഹോദരിക്ക് ഇത്രയും കാലം കാത്തിരിക്കാമെങ്കില്‍ 15 ദിവസം കൂടി കാത്തിരുന്നുകൂടെയെന്നും കോടതി ആരാഞ്ഞു. ആദ്യം മൂന്നാഴ്ചത്തെ സമയമാണ് നല്‍കിയതെങ്കിലും കപില്‍ സിബലിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് അത് 15 ദിവസമാക്കി കുറച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിനു പ്രത്യേക അധികാരം നല്‍കുന്ന അനുഛേദം റദ്ദാക്കുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറ്റുകയും ചെയ്തതിനു പിന്നാലെയാണ് ഒമര്‍ അബ്ദുള്ള, പിതാവ് ഫാറൂഖ് അബ്ദുള്ള എം.പി, മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവര്‍ വീട്ടുതടങ്കലിലായത്.