ആര്‍ത്തവ സമയത്ത് ക്ഷേത്രത്തിലും അടുക്കളയിലും കയറിയെന്ന് ആരോപണം; ഗുജറാത്ത് കോളജില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ചു

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/02/372799/arthavam.jpg

അഹമ്മദാബാദ്: ഗുജറാത്തിലെ കോളജില്‍ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ പരിശോധന. ആര്‍ത്തവമുണ്ടോയെന്നറിയാന്‍ 68 പെണ്‍കുട്ടികളെ വസ്ത്രമഴിച്ച് പരിശോധിച്ചു. ഗുജറാത്തില്‍ ഭുജിലെ ശ്രീ സഹ്ജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് സംഭവം. ആര്‍ത്തവ സമയത്ത് അടുക്കളയിലും അമ്പലത്തിലും വിദ്യാര്‍ത്ഥിനികള്‍ കയറിയെന്ന് ആരോപിച്ചായിരുന്നു പരിശോധന. 68 ബിരുദ വിദ്യാര്‍ത്ഥിനികളാണ് അപമാനിക്കപ്പെട്ടത്.

ഹോസ്റ്റല്‍ റെക്ടറിന്റെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. നര്‍ നാരായണ്‍ ദേവ് ഗഡി വിശ്വാസികളുടെ നേതൃത്വത്തിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്. 2012ലാണ് ഈ കോളജ് പ്രവര്‍ത്തനം ആരംഭിച്ചത്. ആര്‍ത്തവ സമയത്ത് മറ്റ് പെണ്‍കുട്ടികളുമായി ഇടപഴകുന്നതിനും ഈ കോളജില്‍ വിലക്കുണ്ടെന്ന് വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തി.

ആര്‍ത്തവമുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പെണ്‍കുട്ടികളെ വരി വരിയായി നിര്‍ത്തി ശുചിമുറിയില്‍ കയറ്റി അടിവസ്ത്രം അഴിച്ച് പരിശോധിക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലായിരുന്നു അടിവസ്ത്ര പരിശോധനയെന്ന് വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ക്രാന്തിഗുരു ശ്യാമജി കൃഷ്ണ വര്‍മ്മ കച്ച് സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ വ്യക്തമാക്കി.