ട്രംപിന്റെ സന്ദർശനം; ചേരി മറയ്ക്കാനുള്ള മതിലിന്റെ ഉയരം കുറച്ച് അഹമ്മദാബാദ്
by Ruhasina J Rഗുജറാത്ത്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് ചേരികൾ മതിൽക്കെട്ടി മറയ്ക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെ പുതിയ നീക്കവുമായി അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ. മതിലിന്റെ ഉയരം കുറയ്ക്കാനാണ് തീരുമാനം. ആറടി ഉയരത്തിൽ മതിൽക്കെട്ടാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഇപ്പോൾ ഇത് നാലടിയായി കുറച്ചെന്നും മുന്‍സിപല്‍ കമ്മീഷണര്‍ വിജയ് നെഹ്‌റ പറഞ്ഞതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോർട്ട് ചെയ്യുന്നു. ആറടി നീളത്തിൽ ഇതുവരെ പണിഞ്ഞ ഭാഗങ്ങൾ പൊളിച്ച് നാലടിയാക്കുമെന്നും അപ്പോൾ കാഴ്ച മറയില്ലല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു.
സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ട്രംപും മോദിയും വരുന്ന വഴിയിലെ ചേരികളാണ് ഇത്തരത്തിൽ മതിൽക്കെട്ടി മറയ്ക്കുന്നത്. ഇൗ വഴിയിൽ അഞ്ഞൂറോളം കുടിലുകളിലായി 2500 പേർ താമസിക്കുന്നതായിട്ടാണ് കണക്കുകൾ. ഇൗ കാഴ്ച മറയ്ക്കാനാണ് അരകിലോമീറ്ററോളം ദൂരത്തിൽ ഉയരത്തിൽ മതിൽക്കെട്ടുന്നത്. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ട്രംപ് കടന്നുപോകുന്നത് ഇതിന് സമീപത്തുകൂടിയാണ്. റോഡ് ടാറിട്ട് മെച്ചപ്പെടുത്തുന്നതടക്കം കോടികൾ ചെലവഴിച്ച് വൻഒരുക്കങ്ങളാണ് അതിവേഗം നടക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 24നാണ് ഇന്ത്യയിലെത്തുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നു സബർമതി ആശ്രമം വരെ 10 കിലോമീറ്റർ റോഡ് ഷോയിൽ മോദിയും ട്രംപും പങ്കെടുക്കും. കഴിഞ്ഞ വർഷം അമേരിക്കയിലെ ടെക്സസിലുള്ള ഹൂസ്റ്റണിൽ നടന്ന ‘ഹൗഡി മോദി’ മാതൃകയിൽ ‘കെം ഛോ ട്രംപ്’ (ഹൗഡി/ ഹലോ ട്രംപ്) പരിപാടിയും ഒരുക്കും. മോടേരയിൽ പുതുതായി പണിത സർദാർ വല്ലഭ്ഭായ് പട്ടേൽ സ്റ്റേഡിയം ഇരു നേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്ത ശേഷം അവിടെത്തന്നെയാണ് ‘കെം ഛോ ട്രംപ്’ പരിപാടി നടത്തുക.
ഒരുലക്ഷത്തിലേറെപ്പേർ പങ്കെടുക്കുമെന്നു കരുതുന്നത്. ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനേക്കാൾ വലുപ്പമുളളതും 1.10 ലക്ഷം പേർക്ക് ഇരിപ്പിട സൗകര്യമുള്ളതുമാണ് സർദാർ വല്ലഭ്ഭായ് പട്ടേൽ സ്റ്റേഡിയമെന്ന് അധികൃതർ പറഞ്ഞു. 24നും 25നുമായി ഡൽഹിയും അഹമ്മദാബാദുമാണു ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും സന്ദർശിക്കുന്നത്. യുഎസ് പ്രസിഡന്റിന്റെ സന്ദർശനം പ്രമാണിച്ച് ഗുജറാത്ത് സംസ്ഥാന ബജറ്റ് 26ലേക്കു മാറ്റിയിട്ടുണ്ട്.