ചൈനയില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നുവോ? ഈ 'ഉപഗ്രഹ ചിത്ര'ത്തിന്റെ യാഥാര്‍ത്ഥ്യമിതാണ്

ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടതാണ് ഈ സള്‍ഫര്‍ ഡയോക്‌സൈഡ് എന്നുള്ള ഈ അവകാശവാദങ്ങള്‍ ജന്മമെടുത്തതും പ്രചരിച്ചതും സോഷ്യല്‍ മീഡിയയിലാണ്.

https://www.mathrubhumi.com/polopoly_fs/1.4528502.1581682463!/image/image.jpg_gen/derivatives/landscape_894_577/image.jpg
Photo: From Twitter

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുകയും നിരവധി ആളുകളെ ബാധിക്കുകയും ചെയ്ത ചൈനയിലെ വുഹാന്‍ നഗരത്തില്‍ സള്‍ഫര്‍ ഡയോക്‌സൈഡ് വാതകത്തിന്റെ അളവ് ക്രമാതീതമായി ഉയരുന്നുവെന്നും മൃതദേഹങ്ങള്‍ കൂട്ടത്തോടെ കത്തിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും ചൂണ്ടിക്കാട്ടിയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളും വാര്‍ത്തകളും കഴിഞ്ഞ കുറച്ചു നാളുകളായി പ്രചരിക്കുന്നുണ്ട്. കൊറോണ വൈറസ് ബാധമൂലമുള്ള യഥാര്‍ഥ മരണനിരക്ക് ചൈന മറച്ചുവെക്കുന്നു എന്ന് സ്ഥാപിക്കുന്നതിനാണ് വിന്‍ഡി.കോം എന്ന വെബ്‌സൈറ്റിലെ ഭൂപട ചിത്രങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുള്ള പോസ്റ്റുകളും വാര്‍ത്തകളും ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. 

എന്നാല്‍ ഇതിന് പിന്നിലെ യാഥാര്‍ഥ്യമെന്താണ്? പ്രചരിക്കുന്ന ചിത്രം സള്‍ഫര്‍ ഡയോക്‌സൈഡിന്റെ അളവ് കാണിക്കുന്നതാണോ? മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതു മൂലമാണോ ഇതുണ്ടാവുന്നത്. കോറോണ വൈറസ് മരണങ്ങളുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ?

ഈ സോഷ്യല്‍ മീഡിയ പോസ്റ്റുകളും വാര്‍ത്തകളും ശുദ്ധനുണയാണ് പ്രചരിപ്പിക്കുന്നതെന്ന് യുകെയിലെ സ്വതന്ത്ര വസ്തുതാ പരിശോധകരായ ഫുള്‍ഫാക്ട് വ്യക്തമാക്കി. പ്രചരിക്കുന്ന ഭൂപടങ്ങള്‍ ഉപഗ്രഹ ചിത്രങ്ങളല്ല. അതില്‍ കാണിക്കുന്ന വിവരങ്ങള്‍ യഥാര്‍ഥമോ വിശകലനം ചെയ്തതോ ആയ വിവരങ്ങളല്ലെന്നും തത്സമയ സള്‍ഫര്‍ ഡയോക്‌സൈഡ് നിരക്കല്ലെന്നും ഫുള്‍ ഫാക്ട് ചൂണ്ടിക്കാണിക്കുന്നു.

സള്‍ഫര്‍ ഡയോക്‌സൈഡിന്റെ അളവ് സംബന്ധിച്ച് മുന്‍കാലങ്ങളിലെ വിവരങ്ങളും കാലാവസ്ഥാ രീതികളും കണക്കിലെടുത്തുള്ള പ്രവചനം മാത്രമാണ് ഈ ചിത്രത്തിലുള്ളത്.

സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചാരണം മാത്രം

ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടതാണ് ഈ സള്‍ഫര്‍ ഡയോക്‌സൈഡ് എന്നുള്ള ഈ അവകാശവാദങ്ങള്‍ ജന്മമെടുത്തതും പ്രചരിച്ചതും സോഷ്യല്‍ മീഡിയയിലാണ്. 

കോവിഡ്-19 കൊറോണ വൈറസ് ബാധ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വുഹാനിലേയും ചോങ് ക്വിങിലേയും സള്‍ഫര്‍ ഡയോക്‌സൈഡ് നിരക്കുകളാണ് ഇവയെന്നും ഇത് മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിന്റെ ഫലമായി ഉണ്ടായതാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അവകാശപ്പെട്ടു. 

കാലാവസ്ഥാ പ്രവചനങ്ങള്‍ നടത്തുന്ന വിന്‍ഡി.കോം എന്ന വെബ്‌സൈറ്റില്‍ നിന്നുള്ള ഭൂപട ചിത്രമാണ് പോസ്റ്റുകള്‍ക്കൊപ്പം തെളിവായി പ്രചരിച്ചത്. നൈട്രജന്‍ ഡയോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ് പോലെ വായുമലിനീകരണ വാതകങ്ങളുടെ നിരക്കുകള്‍ വിന്‍ഡി മാപ്പില്‍ കാണാനുള്ള സൗകര്യമുണ്ട്. 

വിന്‍ഡിയുടേത് പ്രവചനം മാത്രം, ശരിയായ തത്സമയ വിവരങ്ങളല്ല

വുഹാനില്‍നിന്നു ഫെബ്രുവരി 8 ശനിയാഴ്ച മുതല്‍ മൂന്ന് ദിവസത്തെ സള്‍ഫര്‍ ഡയോക്‌സൈഡിന്റെ നിരക്ക് കാണിക്കുന്ന വിന്‍ഡി മാപ്പ് സ്‌ക്രീന്‍ ഷോട്ട് ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നാസയുടെ ജിയോസ്-5 അറ്റ്‌മോസ്‌ഫെറിക് മോഡലിങ് സിസ്റ്റത്തില്‍ നിന്നുള്ള വിവരങ്ങളാണ് വിന്‍ഡി ഉപയോഗിക്കുന്നത്. അത് തത്സമയം ഉപഗ്രഹങ്ങളില്‍നിന്നും ശേഖരിക്കുന്ന വിവരമല്ല. മുന്‍കാലങ്ങളിലെ വാതക വികിരണ നിരക്കുകള്‍ വിശകലനം ചെയ്താണ് ഇത് ചെയ്യുന്നത്. 

വായുമലിനീകരണം ഏറെയുള്ള രാജ്യമാണ് ചൈന

വായുമലിനീകരണ നിരക്ക് ഏറെയുള്ള രാജ്യമാണ് ചൈന. എന്നാല്‍ വുഹാനിന് സമാനമായി മലിനീകരണകാരിയായ വാതകങ്ങളുടെ നിരക്ക് കാണിക്കുന്ന ഇന്ത്യന്‍ നഗരങ്ങളും ഉണ്ട്. അതൊന്നും മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതുകൊണ്ട് വരുന്നതല്ല. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്ന ഫാക്ടറികള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം സള്‍ഫര്‍ ഡയോക്‌സൈഡിന്റെ അളവിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വുഹാനില്‍ തന്നെ വലിയൊരു താപവൈദ്യുതി നിലയം പ്രവര്‍ത്തിക്കുന്നുണ്ട്. 

Content Highlights: evidence of mass cremations in wuhan sulfur dioxide fact behind viral claims on social media