കാലാവസ്ഥാ വ്യതിയാനം; 2070 ഓടെ ഭൂമിയിലെ മൂന്നിലൊന്ന് ജന്തുജാലങ്ങള്‍ക്ക് വംശനാശം സംഭവിക്കുമെന്ന് പഠനം
by Janam TV Web Deskന്യൂയോര്‍ക്ക്: 2070 ഓടെ ഭൂമിയിലെ മൂന്നിലൊന്ന് സസ്യജന്തുജാലങ്ങള്‍ക്ക് വംശനാശം സംഭവിക്കുമെന്ന് ഗവേഷകര്‍. കാലാവസ്ഥാ വ്യതിയാനം മൂലമാണ് ജീവജാലങ്ങള്‍ക്ക് വംശനാശം സംഭവിക്കുക എന്നാണ് പഠനങ്ങളില്‍ വ്യക്തമാകുന്നത്. പ്രൊസിഡിംഗ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സമീപകാലത്ത് കാലവസ്ഥാ വ്യതിയാനം മൂലം വംശനാശം സംഭവിച്ച ജീവജാലങ്ങളുടെ നിരക്കുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പഠനം തയ്യാറായിരിക്കുന്നത്.
ഓരോ പ്രദേശത്തേയും 19 കാലാവസ്ഥാ വേരിയന്റുകളെ വിശകലനം ചെയ്യുന്നതിലൂടെ ഏതൊക്കെ വേരിയബിളുകളിലാണ് ജീവികള്‍ക്ക് വംശനാശം സംഭവിക്കുന്നതെന്ന് നിര്‍ണയിക്കാന്‍ കഴിയുമെന്ന് അരിസോണ സര്‍വ്വകലാശാലയിലെ ഗവേഷകന്‍ വ്യക്തമാക്കി. ഈ വിവരങ്ങളിലൂടെ നൂറു കണക്കിന് സസ്യജന്തുജാലങ്ങളുടെ വംശനാശത്തിന്റെ തോത് സംബന്ധിച്ച വിശദമായ കണക്കുകള്‍ വ്യക്തമാക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ലോകമെമ്പാടുമുള്ള 581 സ്ഥലങ്ങളില്‍ നിന്നുള്ള 538 ജീവജാലങ്ങളുടെ ഡാറ്റ വിശകലനം ചെയ്യുകയും 10 വര്‍ഷത്തെ ഇടവേളകളില്‍ നടത്തിയ സര്‍വ്വേകള്‍ സൂഷ്മമായി വിശകലനം ചെയ്തുമാണ് ഗവേഷകര്‍ പുതിയ കണ്ടെത്തലുകള്‍ നടത്തിയത്.
ഓരോ പ്രദേശങ്ങളിലും ആദ്യകാല സമയത്ത് നടത്തിയ സര്‍വ്വേയെ അപേക്ഷിച്ച് പുതിയ സര്‍വ്വേ പരിശോധിക്കുമ്പോള്‍ 538 ജീവജാലങ്ങളില്‍ 44 ശതമാനം ജീവജാലങ്ങള്‍ക്ക് ഇതിനോടകം തന്നെ വംശനാശം സംഭവിച്ചു. വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനിലയിലാണ് കൂടുതല്‍ വംശനാശം സംഭവിച്ചികരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഇനിയും താപനില ഉയരുകയാണെങ്കില്‍ മൂന്നിലൊന്ന് സസ്യ ജന്തുജാലങ്ങള്‍ക്ക് വംശനാശം സംഭവിക്കുമെന്നാണ് പഠനത്തില്‍ വിശദീകരിക്കുന്നത്.