സിഖ് കൂട്ടക്കൊല; സജ്ജന്‍ കുമാറിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി നിഷേധിച്ചു
by Janam TV Web Deskന്യൂഡല്‍ഹി: സിഖ് കൂട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി നിഷേധിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് ബി.ആര്‍ ഗവായി, ജസ്റ്റിസ് സൂര്യ കാന്ത് എന്നിവരടങ്ങിയ 3 അംഗ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സജ്ജൻ കുമാറിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ വികാസ് സിംഗ് കോടതിയില്‍ ഹാജരായി.
ജയിലില്‍ കിടന്ന് സജ്ജന്‍ കുമാറിന് 13 കിലോ ഗ്രാം ഭാരം നഷ്ടമായതായി വികാസ് സിംഗ് കോടതിയെ അറിയിച്ചു. ഇതോടെ സജ്ജന്‍ കുമാറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. മെഡിക്കല്‍ റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിച്ചിട്ടുള്ളതായി അഭിഭാഷകന്‍ പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും തന്റെ കക്ഷിക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്യണമെന്ന് വികാസ് സിംഗ് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിഷേധിക്കുകയായിരുന്നു.
ഡിസംബര്‍ 17ന് ഡല്‍ഹി ഹൈക്കോടതിയാണ് സജ്ജന്‍ കുമാറിന് തടവ് ശിക്ഷ വിധിച്ചത്. സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിധി. രാഷ്ട്രീയമായ അഭയസ്ഥാനം ഉപയോഗിച്ച് കലാപത്തിന് നേതൃത്വം നല്‍കുകയും നിരവധി പേരുടെ കൊലപാതകത്തിന് കാരണമാവുകയും ചെയ്തു എന്ന് സജ്ജന്‍കുമാറിന് എതിരായ വിധിയില്‍ കോടതി പറഞ്ഞിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1984ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തില്‍ രാജ്യത്താകെ 2733 പേരാണ് കൊല്ലപ്പെട്ടത്.