ഡല്‍ഹി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് അരവിന്ദ് കെജ്‌രിവാള്‍
ന്യുഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് അരവിന്ദ് കെജ്‌രിവാള്‍. ഫെബ്രുവരി 16ന് രാംലീല മൈതാനത്ത് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി മോഡിയെ ഔദ്യോഗികമായി ക്ഷണിച്ചു.
മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കോ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ല. ആം ആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഡല്‍ഹിക്കാരുടെ മകനും സഹോദരനുമായ അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എല്ലാ ഡല്‍ഹിക്കാര്‍ക്കും സ്വാഗതമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ച് കേന്ദ്രവുമായുള്ള ബന്ധം ശക്തമാക്കാനുള്ള ശ്രമത്തിലാണ് കെജ്‌രിവാള്‍.
70 അംഗ ഡല്‍ഹി നിയമസഭയിലെ 62 സീറ്റുകളും നേടിയാണ് എ.എ.പി ഭരണം നിലനിര്‍ത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായും നേതൃത്വം തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചിട്ടും ബി.ജെ.പി എട്ട് സീറ്റിലൊതുങ്ങി. ഡല്‍ഹി ഭരണത്തില്‍ മൂന്നാമൂഴം ലഭിച്ച അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയില്‍ അതിഷി മര്‍ലേന, രാഘവ് ചന്ദ എന്നിവര്‍ ഉള്‍പ്പെടുന്ന യുവ നിരയ്ക്ക് പ്രാധാന്യം ലഭിക്കുമെന്നാണ് സൂചന.