http://anweshanam.com/anw-images-1/anw-uploads-1/_anw-homemain/imaje_24.jpg

നിർഭയക്കേസിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ആർ. ബാനുമതി കുഴഞ്ഞുവീണു

by

ന്യൂഡൽഹി: നിർഭയക്കേസിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ആർ. ബാനുമതി കുഴഞ്ഞുവീണു. കോടതി ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ജഡ്ജിയെ ചേംബറിലേക്ക് മാറ്റി. ജഡ്ജിക്ക് കടുത്ത പനിയായിരുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ വാദം കേൾക്കുകയായിരുന്നു ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ച്.

അതേസമയം, രാഷ്‌ട്രപതി ദയാഹർജി തള്ളിയതിനെതിരെ പ്രതി വിനയ് ശർമ സമർപ്പിച്ച ഹർജി കോടതി തള്ളി. ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതി വിനയ് ശർമ സമർപ്പിച്ച ഹർജി പരിഗണിക്കവേ അഭിഭാഷകനെ കോടതി വിമർശിച്ചു. രാഷ്ട്രപതിയുടെ തീരുമാനം പക്ഷപാതപരമാണെന്നാണ് വിനയ് ശർമ ആരോപിച്ചത്. തീഹാർ ജയിൽ വാസം കാരണം മാനസിക പ്രശ്‌നങ്ങളുണ്ടെന്നും വധശിക്ഷയിൽ ഇളവ് നൽകണമെന്നും വിനയ് ശർമ ആവശ്യപ്പെട്ടു. എന്നാൽ ഇത് കോടതി തള്ളി. രാഷ്ട്രപതി ദയാഹർജി തള്ളിയത് ചോദ്യം ചെയ്ത് പ്രതി മുകേഷ് കുമാർ സമർപ്പിച്ച ഹർജി ഇതേ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

നേരത്തെ, വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ പ്രതികളായ വിനയ് ശർമയ്ക്കും അക്ഷയ് കുമാർ സിംഗിനും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടിരുന്നു. പവൻകുമാറിന് അഭിഭാഷകൻ ഇല്ലാത്ത സാഹചര്യത്തിൽ മുതിർന്ന അഭിഭാഷക അഞ്ജന പ്രകാശിനെ അമിക്കസ്‌ക്യൂറിയായി നിയമിച്ചു.