നിര്‍ഭയ കേസ്: ഉത്തരവിടുന്നതിനിടെ ജസ്റ്റിസ് ആര്‍. ഭാനുമതി കുഴഞ്ഞു വീണു
സുപ്രീം കോടതിയിലെ അഞ്ചാം നമ്പര്‍ കോടതി മുറിയില്‍ ഉച്ചക്ക് 2.25 ഓടെയാണ് ജസ്റ്റിസ് ഭാനുമതി കുഴഞ്ഞു വീണത്.
by ബി. ബാലഗോപാല്‍/ മാതൃഭൂമി ന്യൂസ്ന്യൂഡല്ഹി: നിര്‍ഭയ കേസുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍. ഭാനുമതി കോടതിമുറിയില്‍ കുഴഞ്ഞുവീണു.
കേസിലെ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇരുപതാം തിയതി പരിഗണിക്കാനായി മാറ്റിവെച്ചു കൊണ്ടുള്ള ഉത്തരവിടുന്നതിനിടെയാണ് ജസ്റ്റിസ് ഭാനുമതി കോടതി മുറിയിലെ കസേരയില്‍ കുഴഞ്ഞു വീണത്. സുപ്രീം കോടതിയിലെ അഞ്ചാം നമ്പര്‍ കോടതി മുറിയില്‍ ഉച്ചക്ക് 2.25 ഓടെയാണ് സംഭവം.
രാഷ്ട്രപതി ദയാഹര്‍ജി നിരാകരിച്ചതിനെതിരെ പ്രതി വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജി തള്ളി കൊണ്ടുള്ള വിധി വെളളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പ്രസ്താവിച്ചത് ജസ്റ്റിസ് ആര്‍. ഭാനുമതി ആയിരുന്നു. ഇതിന് ശേഷമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വാദം ആരംഭിച്ചത്. എന്നാല്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള പുതിയ മരണ വാറന്റ് പുറപ്പടുവിക്കണം എന്ന ഹര്‍ജി തിങ്കളാഴ്ച ഡല്‍ഹി പട്യാല ഹൗസ് കോടതി പരിഗണിക്കുന്ന കാര്യം ചില അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി 20-ാം തിയതി പരിഗണിക്കാനായി മാറ്റണമെന്ന് ജസ്റ്റിസ് ഭാനുമതി അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് ഹര്‍ജി മാറ്റി വെക്കുന്നത് സംബന്ധിച്ച ഉത്തരവ് പ്രസ്താവിക്കുന്ന നടപടികളിലേക്ക് ജസ്റ്റിസ് ഭാനുമതി കടന്നു. ഉത്തരവിന്റെ ആദ്യ രണ്ടുവരി പറഞ്ഞ ശേഷം, തുടര്‍ന്ന് അത് മുഴുമിപ്പിക്കാന്‍ ബെഞ്ചില്‍ ഉണ്ടായിരുന്ന ജസ്റ്റിസ് അശോക് ഭൂഷണിനോട് ആവശ്യപ്പെട്ടു.
ജസ്റ്റിസ് അശോക് ഭൂഷണ്‍ ഉത്തരവ് വായിക്കുന്നതിനിടയിലാണ് ജസ്റ്റിസ് ഭാനുമതി തന്റെ കസേരയുടെ വലത്തു ഭാഗത്തേക്ക് മറിഞ്ഞു വീണത്. ജസ്റ്റിസ് ഭാനുമതിയുടെ വലത്തു ഭാഗത്ത് ഇരുന്ന ജസ്റ്റിസ് അശോക് ഭൂഷണ്‍ ഇതിനിടയില്‍ അവരെ താങ്ങിയിരുത്തി. ഇടതുഭാഗത്ത് ഇരുന്ന ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണയും ജസ്റ്റിസ് ഭാനുമതിയെ കസേരയില്‍ താങ്ങിയിരുത്തി. ഇതിനിടയില്‍ ജസ്റ്റിസ് ഭാനുമതി കണ്ണുതുറന്നു. തുടര്‍ന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണും എ.എസ്. ബൊപ്പണ്ണയും കോടതി ജീവനക്കാരും ചേര്‍ന്ന് ജസ്റ്റിസ് ഭാനുമതിയെ ചേമ്പറിലേക്ക് കൊണ്ട് പോയി. ഉത്തരവ് പിന്നീട് ഇറക്കാമെന്ന് ജസ്റ്റിസ് ബൊപ്പണ്ണ അറിയിച്ചു.
ജസ്റ്റിസ് ഭാനുമതിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത അറിയിച്ചു. രണ്ടു ദിവസമായി ജസ്റ്റിസ് ഭാനുമതിക്ക് കടുത്തപനി ആയിരുന്നു. അതിനാല്‍ മരുന്ന് കഴിച്ച് വരികയായിരുന്നു. ഇതിന്റെ ക്ഷീണം മൂലമുണ്ടായ തളര്‍ച്ചയാണ് ജസ്റ്റിസ് ഭാനുമതിക്ക് ഉണ്ടായതെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.
content highlights: justice r banumathi fainted during nirbhaya case hearing