ജപ്പാന്‍ തീരത്ത് തടഞ്ഞുവെച്ച ആഡംബരക്കപ്പലിലെ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ സ്ഥിരീകരിച്ചു

കപ്പല്‍ ജീവനക്കാരനായ ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://www.mathrubhumi.com/polopoly_fs/1.4494778.1580816301!/image/image.jpg_gen/derivatives/landscape_894_577/image.jpg

ടോക്യോ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജപ്പാന്‍ തീരത്ത് ക്വാറന്റൈനില്‍(സമ്പര്‍ക്കവിലക്ക്) ഉള്ള ആഡംബരകപ്പലിലെ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ സ്ഥിരീകരിച്ചു. കപ്പല്‍ ജീവനക്കാരനായ ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇതോടെ ഈ കപ്പലിലുള്ള ഇന്ത്യക്കാരില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളവരുടെ എണ്ണം മൂന്നായി. മൂവരും കപ്പല്‍ ജീവനക്കാരാണ്.ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും ജപ്പാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 

ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലാണ് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യോക്കോഹോമ പരിസരത്ത് ക്വാറന്റൈനിലുള്ളത്. 3700 ഓളം യാത്രക്കാരും ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഇവരില്‍ 138 പേര്‍ ഇന്ത്യക്കാരാണ്. 

കപ്പലിലുള്ളവരില്‍ 218 പേര്‍ക്ക് ഇതിനോടകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ രണ്ടുപേര്‍ക്ക് വ്യാഴാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്.

content highlights: third indian tests positive for corona onboard ship