ബംഗളൂരുവിലെ ഹജ്ജ് തീര്‍ഥാടകരെ കബളിപ്പിച്ച് 1.1 കോടി തട്ടി; 50 ഹാജിമാരടങ്ങുന്ന സംഘത്തെ പറ്റിച്ചത് സ്വന്തം മതക്കാര്‍ നടത്തുന്ന ട്രാവല്‍ ഏജന്‍സി തന്നെയെന്ന് കണ്ടെത്തല്‍
by Janam TV Web Deskബംഗളൂരു: ബംഗളൂരുവില്‍ ഹജ്ജ് തീര്‍ത്ഥാടകരെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. 50 പേരടങ്ങുന്ന ഹജ്ജ് തീര്‍ത്ഥാടകരുടെ സംഘത്തില്‍ നിന്നും ട്രാവല്‍ ഏജന്‍സി നടത്തുന്ന മൂന്ന് പേര്‍ 1.1 കോടി രൂപ തട്ടിയതായാണ് പരാതി. യൂസഫ് ഹസന്‍, അമീദ് ഹസന്‍, ഇക്ബാല്‍ എന്നിവര്‍ ചേര്‍ന്ന് മുംബൈയില്‍ നടത്തിയ അസ്ര എന്റര്‍പ്രൈസസ് എന്ന ട്രാവല്‍ ഏജന്‍സിയാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.
ഫെബ്രുവരി 7ന് നൂറുല്ല റഹീം സാബ് എന്നയാള്‍ മൂവര്‍ക്കുമെതിരെ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ബിസിനസുകാരനായ നൂറുല്ല ബംഗളൂരുവിലെ ആര്‍ടി നഗറിലാണ് താമസിക്കുന്നത്. നൂറുല്ലയുടെ പരാതിയില്‍ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി മൂവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
ഓണ്‍ലൈനില്‍ നമ്പര്‍ കണ്ടതിനു ശേഷമാണ് താന്‍ അസ്ര എന്റര്‍പ്രൈസസുമായി ബന്ധപ്പെട്ടതെന്ന് നൂറുല്ല പറഞ്ഞു. താനുള്‍പ്പെടെയുള്ള 50 യാത്രക്കാരെ ഹജ്ജ് തീര്‍ത്ഥാടനത്തിന് കൊണ്ടുപോകാമെന്ന ഏജന്‍സിയുടെ ഉറപ്പില്‍ 6 ലക്ഷം രൂപ മുന്‍കൂറായി കൈമാറിയെന്നും ഒരാള്‍ക്ക് 3.32 ലക്ഷം രൂപയാണ് ചെലവായതെന്നും നൂറുല്ല വെളിപ്പെടുത്തി. കൊറിയറായി 50 പേരുടെ പാസ്‌പോര്‍ട്ടും ഏജന്‍സിക്ക് കൈമാറിയിരുന്നു.
2019 ജനുവരിക്കും ഓഗസ്റ്റിനും ഇടയില്‍ 1.1 കോടി രൂപയാണ് നൂറുല്ല ഏജന്‍സിക്ക് കൈമാറിയത്. 6 ലക്ഷം രൂപ ഓണ്‍ലൈനായും ബാക്കി പണം നേരിട്ടുമാണ് കൈമാറിയത്. വിസയും ടിക്കറ്റും അയച്ചു തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലഭിക്കുമെന്ന് അവര്‍ അറിയിച്ചെങ്കിലും ആദ്യം കൊടുത്ത പാസ്‌പോര്‍ട്ടുകള്‍ മാത്രമാണ് തിരികെ ലഭിച്ചതെന്ന് നൂറുല്ല പറഞ്ഞു. പിന്നീട് മൂന്ന് പേരും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയ ശേഷം മുങ്ങുകയായിരുന്നു.