https://janamtv.com/wp-content/uploads/2020/02/yodavu.jpg

മയക്കു മരുന്നിനെതിരെ യോദ്ധാവാകാം; മയക്കു മരുന്ന് വിതരണത്തെ കുറിച്ച് പൊലീസിന് രഹസ്യ വിവരം കൈമാറാന്‍ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി

by

തിരുവനന്തപുരം: മയക്കുമരുന്നുകളുടെ വിതരണത്തെക്കുറിച്ച് പൊലീസിന് രഹസ്യവിവരം കൈമാറുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി കേരളാ പൊലീസ്. യോദ്ധാവ് എന്നാണ് കേരളാ പൊലീസ് പുരത്തിറക്കിയ പുതിയ ആപ്ലിക്കേഷന്റെ പേര്. മയക്കുമരുന്ന് വ്യാപനം തടയുന്നതിന് വേണ്ടി പൊതുജങ്ങള്‍ക്ക് അതീവ രഹസ്യമായി വിവരങ്ങള്‍ കൈമാറുന്നതിനുള്ള മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

സമൂഹത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് മയക്കു മരുന്ന്. ഇത് യുവാക്കളുടെ ഭാവിയെ അപകടപ്പെടുത്തുന്നു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് മയക്കുമരുന്നുകളുടെ വിതരണത്തെക്കുറിച്ചുള്ള രഹസ്യ വിവരശേഖരണം. എന്നാല്‍ മയക്കുമരുന്ന് മാഫിയയുടെ പ്രതികാര നടപടിയെ ഭയന്ന് പൊതുജനങ്ങള്‍ ഇത്തരം രഹസ്യങ്ങള്‍ പങ്കുവയ്ക്കാന്‍ സന്നദ്ധരാകുന്നില്ല. വിവരങ്ങള്‍ നല്‍കുന്നത് അപകടമാണെന്ന തരത്തില്‍ ആളുകള്‍ ഭയപ്പെടുന്നു.

ഇതിനൊരു മാറ്റം കുറിയ്ക്കാനാണ് യോദ്ധാവ് എന്ന ആപ്പ് വികസിപ്പിച്ചെടുത്തത്. ‘യോദ്ധാവ്’ എന്ന വാട്ട്സ്ആപ്പ് പ്ലാറ്റ്ഫോമിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഉപയോക്താക്കള്‍ പ്ലേസ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ഒരു പ്രത്യേക ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡു ചെയ്യേണ്ടതില്ല. മറ്റേതൊരു വാട്ട്സ്ആപ്പ് സന്ദേശത്തെയും പോലെ യോദ്ധാവ് നമ്പറിലേക്ക് അയക്കാവുന്നതാണ്. വാട്ട്സ്ആപ്പ് നമ്പര്‍ ഉദ്ഘാടന വേളയില്‍ പ്രഖ്യാപിക്കുമെന്നും പൊലീസ് അറിയിച്ചു.