സി.എ.ജി റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എം; ചീഫ് സെക്രട്ടറിയുടെ ആഡംബരകാറും പോലീസിന്റെ നവീകരണ ഫണ്ടില്‍ നിന്ന്

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര വാഹനമാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത്. കെ.എല്‍ 01 സി.എല്‍ 9663 എന്ന വാഹനം 2019 ഓഗസ്റ്റ് 14നാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/02/372782/pinarayi_behra_tom.jpg

തിരുവനന്തപുരം: പോലീസിനെ അഴിമതി പുറത്തുകൊണ്ടുവന്ന സി.എ.ജി റിപ്പോര്‍ട്ട് വിവാദം അവഗണിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. സി.എ.ജി റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണ്. യു.ഡി.എഫ് കാലത്തെ അഴിമതിയെ കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതെന്നും അതിന് ഇടതുമുന്നണി മറുപടി പറയേണ്ടതില്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരാനിരിക്കേ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നുമാണ് സെക്രട്ടേറിയറ്റിലെ തീരുമാനം.

ഇത്തരം ആരോപണങ്ങളെ മുഖ്യമന്ത്രി തന്നെ നേരിടുമെന്നും മറുപടി നല്‍കുമെന്നും സി.പി.എം തീരുമാനം. സി.പി.എമ്മിന്റെ മറ്റ് നേതാക്കളാരും ഇതില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് നിലപാട്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ മുഖ്യമന്ത്രിക്കെതിരെ വരുന്ന ആരോപണങ്ങള്‍ അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. പതിവില്ലാതെ സി.എ.ജി വാര്‍ത്താസമ്മേളനം വിളിച്ച് കണ്ടെത്തലുകള്‍ പറഞ്ഞതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന സൂചനയാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിലും വന്നത്.

കേരള പോലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും കാണാതായെന്ന ഗുരുതരമായ കണ്ടെത്തലാണ് നിയമസഭയുടെ മേശപ്പുറത്ത് വച്ച സി.എ.ജി റിപ്പോര്‍ട്ടിലുള്ളത്. പോലീസിലെ എസ്.ഐമാര്‍ക്കും എ.എസ്.ഐമാര്‍ക്കും ക്വാര്‍ട്ടേഴ്‌സ് കെട്ടേണ്ട 2.81 കോടി രൂപ വകമാറ്റി ഡി.ജി.പിക്കും എ.ഡി.ജി.പിക്കും ആഡംബര വില്ലകള്‍ കെട്ടിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ പേരെടുത്ത് പറഞ്ഞ് റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു.

പോലീസിന് വേണ്ടിയുളള ജി.പി.എസ് ഉപകരണങ്ങളും വോയ്‌സ് ഗോഗേഴ്‌സും വാങ്ങഇയതിലും അഴിമതിയുണ്ടെന്നാണ് സി.എജി ചൂണ്ടിക്കാട്ടുന്നത്. കെല്‍ട്രോണും പോലീസും തമ്മില്‍ സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ മറിച്ചുകൊടുക്കാന്‍ 'അവിശുദ്ധ കൂട്ടുകെട്ടു'ണ്ടെന്നും സി.എ.ജി ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ, പോലീസിന്റെ നവീകരണ ഫണ്ട് വകമാറ്റിയതിന്റെ പുതിയ തെളിവും പുറത്തുവന്നു. ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്ന ആഡംബര കാര്‍ പോലീസ് ഫണ്ട് ഉപയോഗിച്ച് വാങ്ങിയതാണെന്നാണ് ആക്ഷേപം. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര വാഹനമാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത്. കെ.എല്‍ 01 സി.എല്‍ 9663 എന്ന വാഹനം 2019 ഓഗസ്റ്റ് 14നാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചീഫ് സെക്രട്ടറിമാര്‍ സാധാരണ ടൂറിസം വകുപ്പിന്റെ വാഹനമാണ് ഉപയോഗിക്കുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് പതിവാണെന്നും വാഹനം വാങ്ങുന്നതിലെ ഫണ്ടുകളില്‍ കുറവുണ്ടായാല്‍ ഇങ്ങനെ ചെയ്യാറുണ്ടെന്നുമാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ വിശദീകരണം. എന്നാല്‍ ഡി.ജി.പിയുടെ പേരിലുള്ള വാഹനം ഏതുസാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് നല്‍കിയതെന്ന് പോലീസ് വ്യക്തമാക്കുന്നുമില്ല.