'ഹിന്ദി അറിയില്ലെന്ന് പറയുന്ന ക്രിക്കറ്റ് താരങ്ങളോട് ദേഷ്യം'; രഞ്ജി ട്രോഫി കമന്ററിക്കിടെ വിവാദം

ബറോഡയും കര്‍ണാടകയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം

https://www.mathrubhumi.com/polopoly_fs/1.4528358.1581672787!/image/image.jpg_gen/derivatives/landscape_894_577/image.jpg
ബറോഡ-കര്‍ണാടക മത്സരത്തിനിടെ   ഫോട്ടോ: വീഡിയോഗ്രാബ്‌

ബറോഡ: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെ വിവാദ പരമാര്‍ശവുമായി കമന്റേറ്റര്‍. ബറോഡയും കര്‍ണാടകയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ഇന്ത്യക്കാരനാണെങ്കില്‍ ഹിന്ദി അറിഞ്ഞിരിക്കണമെന്നായിരുന്നു കമന്റേറ്ററായ സുശീല്‍ ദോഷിയുടെ വിവാദ പരാമര്‍ശം. ബറോഡയുടെ രണ്ടാമിന്നിങ്‌സ് ബാറ്റിങ് പുരോഗമിക്കുന്നതിനിടെയായിരുന്നു ഇത്.

സുനില്‍ ഗവാസ്‌കറുടെ ഹിന്ദി കമന്ററിയെ കുറിച്ച് സഹ കമന്റേറ്റര്‍ വാചാലനയാപ്പോഴാണ് എല്ലാവരും ഹിന്ദി പഠിക്കണമെന്നും ഹിന്ദി നമ്മുടെ മാതൃഭാഷയാണെന്നും സുശീല്‍ പറഞ്ഞത്. 'ഹിന്ദിയേക്കാള്‍ വലിയ ഭാഷയില്ല. ഹിന്ദി അറിയില്ലെന്ന് പറയുന്ന ക്രിക്കറ്റ് താരങ്ങളോട് എനിക്ക് ദേഷ്യമാണ്. ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കില്‍ ഹിന്ദി അറിഞ്ഞിരിക്കണം.' ഇതായിരുന്നു സുശീല്‍ കമന്ററിയില്‍ പറഞ്ഞത്.

ഇതോടെ നിരവധിപേര്‍ സുശീലിന്റെ കമന്റിനെതിരേ പ്രതികരണവുമായി രംഗത്തെത്തി. നിങ്ങള്‍ കമന്ററിയാണോ അതോ ആശയപ്രചാരണമാണോ ചെയ്യുന്നത് എന്നായിരുന്നു ഒരു ട്വിറ്റര്‍ യൂസറുടെ കമന്റ്. ഒരാളിലും ഇത്തരത്തില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കരുതെന്നും ട്വിറ്ററില്‍ ആരാധകര്‍ പറയുന്നു. 

പിന്നീട് സുശീല്‍ ദോഷി വിവാദ പരാമര്‍ശത്തിന് ക്ഷമ ചോദിച്ചു. ആരേയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ലെന്നും ഇന്ത്യയിലെ എല്ലാ ഭാഷയേയും ബഹുമാനിക്കുന്നുവെന്നും സുശീല്‍ വ്യക്തമാക്കി.

 

Content Highlights: Hindi mother tongue remark during Ranji Trophy commentary Cricket