പൗരത്വ നിയമത്തിനെതിരെ പ്രസംഗം: ഡോ.കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ്

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/02/372774/kafeel-khan.jpg

ലക്‌നൗ: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ ഡോ. കകഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുത്തു. അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അദേഹത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഡിസംബര്‍ 12 ന് കഫീല്‍ ഖാന്‍ അലിഗഡ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്നാരോപിച്ചാണ് ദേശീയ സുരക്ഷ നിയമം ചുമത്തിയിരിക്കുന്നത്.

ഇതേ പ്രസംഗത്തിന്റെ പേരില്‍ ജനുവരി 29 ന് അദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് മുംബൈ ബാഗില്‍ സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത അദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ മഥുര ജയിലാണ് കഫീല്‍ ഖാന്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജിലെ ശിുരോഗ വിദഗ്ധനായിരുന്ന കഫീല്‍ ഖാന്‍ ഓക്‌സിജന്‍ കിട്ടാതെ ശിശുക്കള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ നേരിട്ടിരുന്നു.

കഫീല്‍ ഖാന് ജാമ്യം തേടി അദേഹത്തിന്റെ ബന്ധുക്കള്‍ അലിഗഡ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് അദേഹത്തിന്റെ ജാമ്യ നടപടികള്‍ വേഗത്തിലാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് ആദ്യ കേസില്‍ പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്.