ഷാര്‍ജയില്‍ നിന്നെത്തിയ യുവാവിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആളുമാറി തട്ടിക്കൊണ്ടുപോയി; മര്‍ദ്ദിച്ചവശനാക്കിയ ശേഷം പണവും സാധനങ്ങളും തട്ടിയെടുത്തു

കാസര്‍ഗോഡ് സ്വദേശികളായ രണ്ടു പേരെയും സമാനമായ രീതിയില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/02/372775/karipur.jpg

മലപ്പുറം: ഷാര്‍ജയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ യുവാവിനെ അജ്ഞാത ആളുമാറി തട്ടിക്കൊണ്ടുപോയി. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പണവും എ.ടി.എം കാര്‍ഡും സാധനങ്ങളും കൈക്കലാക്കി വഴിയില്‍ ഇറക്കിവിട്ടു. കര്‍ണാടക സ്വദേശിയായ അബ്ദുള്‍ നാസര്‍ ഷംനാസ് (25) ആണ് ആക്രമണത്തിന് ഇരയായത്. ഒരു മാസത്തിനുള്ളില്‍ കരിപ്പൂരില്‍ നടക്കുന്ന മൂന്നാമത്തെ തട്ടിക്കൊണ്ടുപോകലാണിത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.

സ്വര്‍ണക്കടത്തുകാര്‍ തമ്മിലുള്ള ആക്രമണവും കാരിയര്‍മാരെ തട്ടിക്കൊണ്ടുപോകലും മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും സംഘത്തില്‍ ഉള്‍പ്പെടാത്തയാള്‍ക്കാണ് മര്‍ദ്ദനമേറ്റതെന്ന് സൂചനയുണ്ട്. ഇന്നലെ പുലര്‍ച്ചെ 4.30 ഓടെയാണ് യുവാവ് കരിപ്പൂരിലെത്തിയത്. മറ്റൊരു യാത്രക്കാരനൊപ്പം ഓട്ടോറിക്ഷയില്‍ പോകവേ കൊണ്ടോട്ടിക്ക് സമീപം കൊട്ടപ്പുറത്ത് വച്ച് ബൈക്കില്‍ വന്ന രണ്ടു പേര്‍ ഓട്ടോ തടഞ്ഞു. ഓട്ടോ ബൈക്കില്‍ ഉരസിയെന്നുപറഞ്ഞ് വഴക്കുണ്ടാക്കി.

ഈ സമയം വാനിലെത്തിയ ഏഴംഗസംഘം മുളകുപൊടി സ്‌പേ ചെയ്ത് യുവാവിനെ മര്‍ദ്ദിച്ചു. ടീഷര്‍ട്ട് ഊരി കണ്ണുകെട്ടി, വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. കൊണ്ടുവന്ന സാധനമെവിടെ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. കടലുണ്ടി പാലത്തിന് സമീപത്ത് എത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചു.

ആളുമാറിയെന്ന് മനസ്സിലാക്കിയതോടെ വാഹനത്തില്‍ തിരികെകൊണ്ടുവന്ന് കാലിക്കറ്റ് സര്‍വകലാശാലയ്ക്കു സമീപം ഇറക്കിവിട്ടു. എ.ടി.എം കാര്‍ഡ്, പണം, ക്യാമറ തുടങ്ങിയ സാധനങ്ങള്‍ കവര്‍ന്നതായം കൊണ്ടോടി പോലീസിന് നല്‍കിയ പ രാതിയില്‍ പറയുന്നു.

കാസര്‍ഗോഡ് സ്വദേശികളായ രണ്ടു പേരെയും സമാനമായ രീതിയില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.