https://www.deshabhimani.com/images/news/large/2020/02/sa-849797.jpg

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നെടുത്തു

by

കോഴിക്കോട്> കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെടുത്തു.കാസര്‍കോട് സ്വദേശികളാണ് അക്രമത്തിനിരയായത്. കരിപ്പൂരില്‍ ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്.

ക്രൂരമായി മര്‍ദ്ദിച്ചെന്നും നഗ്‌നരാക്കി പരിശോധിച്ചെന്നും യാത്രക്കാര്‍ പറഞ്ഞു.പുലര്‍ച്ചെ ദുബായില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശികളെയാണ് തട്ടിക്കൊണ്ടുപോയത്.വിമാനത്താവളത്തില്‍നിന്ന് ഓട്ടോയില്‍ ഫറോക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുംവഴി മറ്റൊരു വാഹനം മുന്നിലിട്ട് തടയുകയും അതില്‍ കയറ്റിക്കൊണ്ടുപോവുകയുമായിരുന്നു.

ഈ മാസം 9നു നടന്ന സംഭവത്തിന്റെ ആവര്‍ത്തനമാണ് ഇത്തവണയും ഉണ്ടായത്. കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയ ശേഷമാണ് മര്‍ദ്ദനവും തട്ടിക്കൊണ്ടുപോകലും ഉണ്ടായത്. സ്വര്‍ണക്കടത്തുകാരെന്ന പ്രതീക്ഷയിലാണ് തട്ടിക്കൊണ്ടുപോയത്.എന്നാല്‍ അല്ലെന്ന് മനസിലായതോടെ സ്വര്‍ണവും പണവും തട്ടിയെടുത്ത് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു

3 ഫോണുകള്‍, 19000 രൂപ, മോതിരം, ബ്രേസ്ലെറ്റ് എന്നിവ കൈക്കലാക്കി. വാഹനത്തില്‍ കൊണ്ടുവന്ന് തങ്ങളെ ചേളാരി ഭാഗത്തു തള്ളുകയായിരുന്നെന്നും യാത്രക്കാര്‍ പറഞ്ഞു