വനിതാ കോളേജില്‍ ആര്‍ത്തവ പരിശോധന, പ്രിന്‍സിപ്പാള്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ഥിനികള്‍

ആര്‍ത്തവം ഉണ്ടോയെന്ന് അറിയാനായി വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പരിശോധന.

https://www.mathrubhumi.com/polopoly_fs/1.4528337.1581671755!/image/image.jpg_gen/derivatives/landscape_894_577/image.jpg
Shri Sahajanand Girls’ Institute/ www.ssgi.co.in

ഗാന്ധിനഗര്‍: വനിതാ കോളേജില്‍ ആര്‍ത്തവ പരിശോധന നടത്തിയ പ്രിന്‍സിപ്പാളിനെതിരെ പരാതിയുമായി വിദ്യാര്‍ഥിനികള്‍. ഗുജറാത്തിലെ ശ്രീ സഹജനന്ദ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം. 

കോളേജും ഹോസ്റ്റലും ഒരു ക്ഷേത്രത്തിനു സമീപത്താണ് പ്രവര്‍ത്തിക്കുന്നത്. കോളേജിലെ 68 വിദ്യാര്‍ഥിനികള്‍ താമസിക്കുന്നത് ഹോസ്റ്റലിലാണ്. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആര്‍ത്തവ സമയത്ത് ഹോസ്റ്റല്‍ അടുക്കളയില്‍ കയറുന്നു, ക്ഷേത്രത്തിന് സമീപത്തേക്ക് പോകുന്നു, മറ്റുള്ളവരുമായി ഇടപഴകുന്നു എന്നെല്ലാം ചൂണ്ടിക്കാണിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍ കോളേജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പാള്‍ ക്ലാസില്‍ നിന്ന് വിളിച്ചിറക്കി ശുചിമുറിയില്‍ കൊണ്ടുപോയി ആര്‍ത്തവ പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു. ആര്‍ത്തവം ഉണ്ടോയെന്ന് അറിയാനായി വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പരിശോധന. 

പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മറ്റു അധ്യാപകരും പങ്കാളികളായിരുന്നെന്ന് വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡീന്‍ ദര്‍ശന ദൊലാക്കിയ അറിയിച്ചു.

Content Highlights:  menstruation test over students in women's college