ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കണമെന്ന് സഹോദരി; സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു

ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്

https://www.mathrubhumi.com/polopoly_fs/1.3807523.1558281688!/image/image.jpg_gen/derivatives/landscape_894_577/image.jpg
Omar Abdullah. Photo: AP

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലിലാക്കിയതിനെതിരെ സഹോദരി സാറാ അബ്ദുള്ള നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും കശ്മീര്‍ ഭരണകൂടത്തിനും നോട്ടീസയച്ചു. ഹര്‍ജിയില്‍ മാര്‍ച്ച് രണ്ടിന് ഇനി വാദം കേള്‍ക്കും. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സാറാ അബ്ദുള്ളയ്ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കോടതിയില്‍ ഹാജരായത്. ഹര്‍ജി മാര്‍ച്ച് രണ്ടിലേക്ക് നീട്ടിവെച്ചതിനെതിരെ കപില്‍ സിബല്‍ എതിര്‍വാദം ഉന്നയിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. 

ഒരു സഹോദരിക്ക് ഇത്രയും കാലം കാത്തിരിക്കാമെങ്കില്‍ പതിനഞ്ച് ദിവസം ഒരു മാറ്റവും വരുത്തില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കിയ ഒമര്‍ അബ്ദുള്ളയുടേയും മെഹബൂബ മുഫ്തിയുടേയും പേരില്‍ കഴിഞ്ഞ ആഴ്ച പൊതുസുരക്ഷാ നിയമം ചുമത്തിയിരുന്നു. കുറ്റം ചുമത്താതെ തന്നെ ദീര്‍ഘകാലം തടവിലാക്കാന്‍ സാധിക്കുന്നതാണ് പൊതുസുരക്ഷാ നിയമം.

Content Highlights: SC Issues Notice On Habeas Plea Challenging Detention Of Ex-J&K CM Omar Abdullah Under PSA