വിരമിക്കലിനു പിന്നില്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കെടുകാര്യസ്ഥത; വെളിപ്പെടുത്തലുമായി ഫിലാന്‍ഡര്‍

തന്റെ വിരമിക്കല്‍ തീരുമാനത്തിനു പിന്നില്‍ ബോര്‍ഡിന് വലിയ പങ്കുണ്ടെന്നാണ് ഫിലാന്‍ഡറുടെ പക്ഷം

https://www.mathrubhumi.com/polopoly_fs/1.4528352.1581672353!/image/image.jpg_gen/derivatives/landscape_894_577/image.jpg
Image Courtesy: ICC

ജൊഹാനസ്ബര്‍ഗ്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിലെ പ്രശ്‌നങ്ങളാണെന്ന വെളിപ്പെടുത്തലുമായി വെര്‍നോണ്‍ ഫിലാന്‍ഡര്‍.

ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച താരം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കളിക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും തുറന്നടിച്ചു.

''ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക കളിക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നില്ല. അവര്‍ സ്വന്തം കാര്യങ്ങള്‍ മാത്രമാണ് നോക്കുന്നത്. കളിക്കാരുടെ കാര്യത്തില്‍ അവര്‍ക്ക് യാതൊരു ആശങ്കകളുമില്ല'', ഫിലാന്‍ഡര്‍ പറഞ്ഞു.

തനിക്ക് 34 വയസേ ആയിട്ടുള്ളൂ. പിന്നില്‍ മികച്ചൊരു കരിയര്‍ തനിക്കുണ്ട്. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ താന്‍ കുറച്ചുകാലം കൂടി ക്രിക്കറ്റില്‍ തുടര്‍ന്നേനെയെന്നും ഫിലാന്‍ഡര്‍ പറഞ്ഞു. തന്റെ വിരമിക്കല്‍ തീരുമാനത്തിനു പിന്നില്‍ ബോര്‍ഡിന് വലിയ പങ്കുണ്ടെന്നാണ് ഫിലാന്‍ഡറുടെ പക്ഷം.

മുന്‍ താരങ്ങളായ ഗ്രെയിം സ്മിത്ത് മാര്‍ക്ക് ബൗച്ചര്‍ എന്നിവര്‍ ആക്ടിങ് ഡയറക്ടറും പരിശീലകനുമാകുന്നതോടെ നിലവിലുള്ള സാഹചര്യം മാറുമെന്നാണ് ഫിലാന്‍ഡറുടെ പ്രതീക്ഷ.

ദക്ഷിണാഫ്രിക്കയുടെ മികച്ച പേസര്‍മാരിലൊരാളായ വെര്‍നോണ്‍ ഫിലാന്‍ഡര്‍ നാട്ടില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന പരമ്പരയ്ക്കു ശേഷമാണ് വിരമിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കായി 64 ടെസ്റ്റുകളില്‍ നിന്ന് 224 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 30 ഏകദിനങ്ങളില്‍ നിന്ന് 41 വിക്കറ്റുകളും ഏഴ് ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് നാലു വിക്കറ്റുകളും വീഴ്ത്തി.

Content Highlights: Vernon Philander Reveals Chaos In Cricket South Africa Prompted Retirement