https://janamtv.com/wp-content/uploads/2020/02/nurse.jpg

‘ചുറ്റിലും കൊറോണ ബാധിതരാണ്, ഇനി എത്രകാലം ഇരിക്കാനാകുമെന്ന് അറിയില്ല’; ജപ്പാനില്‍ പിടിച്ചിട്ട കപ്പിലില്‍ നിന്നും സഹായമഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ യുവതി

by

ന്യൂഡല്‍ഹി: ജപ്പാന്‍ പിടിച്ചിട്ട കപ്പലില്‍ കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സഹായമഭ്യര്‍ത്ഥിച്ച് ഇന്ത്യക്കാരിയായ യുവതി. സൊനാലി താക്കര്‍ എന്ന യുവതിയാണ് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഒഎസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബ്രിട്ടീഷ് കപ്പലായ ഡയമണ്ട് പ്രിന്‍സസിലെ ജീവനക്കാരിയാണ് സൊനാലി.

‘ഡിസംബര്‍ മുതല്‍ ഈ കപ്പലിലെ സുരക്ഷാ പട്രോളിംഗ് ഉദ്യോഗസ്ഥയാണ് ഞാന്‍. ഫെബ്രുവരി 4 മുതല്‍ ഞാന്‍ രോഗബാധിതരായ ആളുകളുടെ കൂടെയാണ്. ഇതിനോടകം തന്നെ എനിക്ക് വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് ഉറപ്പില്ല. കാരണം എനിക്ക് പനി ബാധിച്ചതു മൂലം ഫെബ്രുവരി മുതല്‍ ഞാന്‍ ഒറ്റപ്പെട്ട സ്ഥലത്താണുള്ളത്. ഇന്നലെ പരിശോധന നടത്തിയെങ്കിലും ഞങ്ങള്‍ക്ക് ഫലം ലഭിച്ചിട്ടില്ല. ഇതുവരെ ഒരു സുരക്ഷാ ഉദ്യോഗസ്ഥരെയും വൈറസ് ബാധിച്ചിട്ടില്ല. എന്നാല്‍ എത്ര കാലം ഞങ്ങള്‍ സുരക്ഷിതരായിരിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല’. സൊനാലി പറഞ്ഞു.

കപ്പലിലെ ഓരോരുത്തരേയും പരിശോധിച്ച് വേര്‍തിരിക്കേണ്ടതുണ്ട്. ഇവിടെ ഞങ്ങള്‍ സുരക്ഷിതരാണെന്ന് തോന്നുന്നില്ല. നിലവില്‍ 218 പേര്‍ക്ക് രോഗം ബാധിച്ചു കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. എത്രയും പെട്ടെന്ന് സുരക്ഷിതമായി വീട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുകയാണെന്നും തങ്ങളെ സഹായിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും സൊനാലി കൂട്ടിച്ചേര്‍ത്തു. അതേസമയം, ജപ്പാനിലെ ഇന്ത്യന്‍ എംബസി കപ്പലിലുള്ളവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ അറിയിച്ചു.