'മകൻ വരുമെന്ന് വിശ്വസിച്ച് ആ അമ്മ കാത്തിരിക്കുന്നു'; വസന്തകുമാറിന്റെ ഓർമയിൽ സുഹൃത്ത്
by സ്വന്തം ലേഖകൻപുൽവാമയിൽ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച വീരജവാൻ വസന്തകുമാറിന്റെ ഓർമകൾ പങ്കുവച്ച് സുഹൃത്തും സിആർപിഎഫ് ജവാനുമായ ഷിജു സി.ഉദയൻ. 2019 ഫെബ്രുവരി 14ന് പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ വയനാട് ലക്കിടി സ്വദേശി ഹവിൽദാർ വസന്തകുമാർ ഉൾപ്പടെ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
വസന്തിന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയിൽ ഷിജുവും മറ്റു സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. അന്നത്തെ വൈകാരിക നിമിഷങ്ങളും വസന്തിനൊപ്പമുള്ള സൗഹൃദനിമിഷങ്ങളുമാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘‘ഇന്നും മകൻ തിരിച്ചു വരുമെന്ന് വിശ്വസിച്ച് വസന്തിന്റെ അമ്മ കാത്തിരിക്കുകയാണ്. ഭാരതത്തിലെ ഓരോ അമ്മയുടേയും മകനായി നീ ഇന്നും ജീവിക്കുന്നു വസന്ത്’’- ഷിജു കുറിക്കുന്നു.
ഷിജു സി. ഉദയന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;
വസന്തകുമാർ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേക്ക് ഒരു വർഷം. നമ്മുടെ രാജ്യത്തിന് വേണ്ടി യൗവനവും ജീവനും നൽകിയ ധീര യോദ്ധാവ്. നിന്നെ ഓർത്ത് ഞങ്ങൾ ഒരുപാട് അഭിമാനിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ കാര്യം ആരോഗ്യമുള്ള ശരീരം അണെന്ന് ഞങ്ങളെ ഓർമിപ്പിക്കുന്ന വസന്തേ, നിന്റെ മൃതദേഹം കൊണ്ട് ആ വണ്ടിയിൽ കരിപ്പൂർ മുതൽ ഞങ്ങൾ കൂടെ ഉണ്ടായിരുന്നു. പതിനായിരക്കണക്കിന് ആളുകൾ വഴിയിൽ കാത്ത് നിന്നു ജയ് വിളിച്ചു കരഞ്ഞപ്പോൾ നിന്നോട് സത്യത്തിൽ അസൂയ തോന്നിയിരുന്നു. മരിക്കുന്നെങ്കിൽ ഇങ്ങനെ ആവണം എന്ന് ഒരായിരം തവണ മനസ്സിൽ പറഞ്ഞ നിമിഷങ്ങൾ.
അതിൽ ഞാൻ കണ്ട ഒരു കാഴ്ച പറയട്ടെ. ഒടിഞ്ഞ കയ്യിൽ പ്ലാസ്റ്റർ ഇട്ട ഒരു അമ്മൂമ്മ വടിയും കുത്തി നിന്ന് ആ ഒടിഞ്ഞ കൈ ഉയർത്തി ജയ് ഹിന്ദ് വിളിച്ചു. ഒരു പൂവ് നീട്ടി വണ്ടിയുടെ പുറകിൽ വന്നു പൊട്ടി കരഞ്ഞു. ഒരു പക്ഷേ നിന്റെ പേര് പോലും അവർക്ക് അറിയില്ലായിരിക്കാം. പക്ഷേ അവരൊക്കെ നിന്നെ ഒരു നോക്കു കാണാൻ വന്നവരാണ്. എല്ലാവർക്കും ലഭിക്കാത്ത ഒരു ഭാഗ്യം.
എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ. രാവിലത്തെ നമ്മുടെ ഷട്ടിൽ കളിയും. തോൽക്കുമ്പോൾ ബാറ്റിനേം കാറ്റിനെും കുറ്റം പറഞ്ഞതും. എന്റെ തലയിൽ കയറി ഇരുന്നു വോളിബോൾ നെറ്റ് കെട്ടിയതും. ജയ്പുരിൽ വെച്ച് ആകെ ഉണ്ടായിരുന്ന 500 രൂപ ഹീറ്ററിന്റെ മുകളിൽ വീണു കത്തിയപ്പോൾ അത് മാറാൻ 500 രൂപ കടം വാങ്ങി RBI തപ്പി നടന്നതും. എല്ലാം ഓർമകൾ......