ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനം; പോലീസ് കൂടുതൽ കുരുക്കിലേക്ക്
by Muhammed Salavudheenതിരുവനന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമെന്ന് റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന കെ.എല്‍ 1 സിഎല്‍ 9663 എന്ന വാഹനം ഡിജിപിയുടെ പേരിലാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ടോം ജോസിന് വാഹനം വാങ്ങിയത് പോലീസ് നവീകരണ ഫണ്ട് ഉപയോഗിച്ചാണെന്ന ആരോപണവും ശക്തമാകുന്നു.
ചട്ടപ്രകാരം ടൂറിസം വകുപ്പിന്റെ വാഹനം മാത്രമാണ് ചീഫ് സെക്രട്ടറിക്ക് അടക്കം ഉപയോഗിക്കാന്‍ സാധിക്കുക. എന്നാൽ ഇത് ലംഘിച്ച് അടുത്തിടെയാണ് ജീപ് കോംപസ് ചീഫ് സെക്രട്ടറി ഉപയോഗിക്കാന്‍ തുടങ്ങിയത്. 2019-ലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 15 ലക്ഷത്തിലധികം രൂപ വില വരുന്ന ഈ വാഹനത്തിന്റെ ഉടമ സംസ്ഥാന പോലീസ് മേധാവിയാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
പോലീസ് വകുപ്പിന്റെ വാഹനം ചീഫ് സെക്രട്ടറിക്ക് കൈമാറുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുകയും ചെയ്യുന്നത് അസാധാരണ നടപടിയാണ്. പോലീസിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയ വാഹനം ചീഫ് സെക്രട്ടറിക്ക് കൈമാറി എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. പോലീസിന് നേരെ ഉയരുന്ന ആരോപണങ്ങൾക്ക് കൂടുതൽ ശക്തിപകരുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ.