മുത്തലാഖിന്റെ പേരില്‍ മുസ്ലീങ്ങളെ ജയിലിലടക്കാന്‍ നോക്കുന്നവര്‍ ആദ്യം ജയിലിലടക്കേണ്ടത് ഇന്ത്യയിലെ ഒരു ഉന്നതനെ; നമ്മുടെ രാജ്യം ഹിന്ദു പാകിസ്ഥാനായി മാറുന്നുവെന്നും കെ കെ രാഗേഷ് എംപി
by Kvartha Omegaകണ്ണൂര്‍: (www.kvartha.com 14.02.2020) മുത്തലാഖിന്റെ പേരില്‍ മുസ്ലീങ്ങളെ ജയിലിലടക്കാന്‍ നോക്കുന്നവര്‍ ആദ്യം ജയിലിലടക്കേണ്ടത് ഇന്ത്യയിലെ ഒരു ഉന്നതനെയാണെന്ന് കെ കെ രാഗേഷ് എംപി പറഞ്ഞു. ഇന്‍കം ടാക്സ് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ജവഹര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തെയാണ് ഭാര്യയെ ഉപേക്ഷിച്ചതിന് ആദ്യം ജയിലിലടക്കേണ്ടത്. ഞാന്‍ ഇക്കാര്യം പാര്‍ലമെന്റില്‍ മുത്തലാഖ് ബില്ലിന്റെ ചര്‍ച്ചയില്‍ വ്യക്തമായി പറഞ്ഞിരുന്നു. അദ്ദേഹം ആരാണെന്ന് ബിജെപി എംപിമാര്‍ക്കും കൃത്യമായി പിടികിട്ടിയിട്ടുണ്ട്.
മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അതിനെ രാജ്യത്തെ മിക്ക രാഷ്ട്രീയപാര്‍ട്ടികളും സ്വാഗതം ചെയ്തു. അതിന് മുകളില്‍ ഒരു നിയമവും പാസ്സാക്കേണ്ട ആവശ്യമില്ല. എന്നാല്‍ മുസ്ലീങ്ങളെ മാത്രം ലക്ഷ്യമാക്കിയാണ് മോദി സര്‍ക്കാര്‍ പുതിയ നിയമം പാസ്സാക്കിയത്. നമ്മുടെ രാജ്യം ഒരു ഹിന്ദുപാകിസ്ഥാനായി മാറുകയാണ്. മതേതര ഭരണഘടനയില്‍ തെല്ലും വിശ്വാസമില്ലാത്തവരാണ് രാജ്യത്തെ ഹിന്ദുപാകിസ്ഥാനാക്കാന്‍ ശ്രമിക്കുന്നത്.
ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് ശരിയല്ലെന്നും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും കെ കെ രാഗേഷ് എംപി പറഞ്ഞു. രാജ്യത്തെ സപ്ലൈ ബെയ്സിലാണോ ഡിമാന്റ് ബെയ്സിലാണോ തകരാര്‍ എന്ന് ചോദിച്ചാല്‍ ഡിമാന്റ് ബെയ്സില്‍ തന്നെയാണ് പ്രശ്നം. കാരണം സാധാരണക്കാരന്‍ ഉല്‍പാദിപ്പിച്ച സാധനങ്ങള്‍ വാങ്ങാന്‍ ആളില്ല. ഉദാഹരണത്തിന് ഇവിടുത്തെ ടയര്‍ കമ്പനികള്‍ തന്നെ. അതിപ്പോള്‍ ഓരോന്നായി അടച്ചുകൊണ്ടിരിക്കയാണ്. റബ്ബറിന് വില കുറഞ്ഞതുകൊണ്ടല്ല മറിച്ച് ഉല്‍പാദന സാധനങ്ങള്‍ വാങ്ങാന്‍ ആളില്ല. വാങ്ങല്‍ ശേഷിയുടെ കുറവുകൊണ്ടാണ് കമ്പനികള്‍ അടച്ചുപൂട്ടേണ്ടിവരുന്നതെന്നും രാഗേഷ് പറഞ്ഞു.
രാജ്യത്ത് സാമ്പത്തിക മാന്ദ്യം കുറയണമെങ്കില്‍ പാവപ്പെട്ട കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന ആനുകൂല്യം വെട്ടിക്കുറക്കുന്നത് നിര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ബാങ്കുകള്‍ നഷ്ടത്തിലാകാന്‍ കാരണം കിട്ടാക്കടം പെരുകുന്നതാണ്. കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം 11 ലക്ഷം കോടിയായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതാണെങ്കില്‍ എഴുതിത്തള്ളിക്കൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും രാഗേഷ് ആരോപിച്ചു.
സംഘടനയുടെ കേരള വര്‍ക്കിംഗ് പ്രസിഡന്റ് എ ബിനൂപ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സ്വാഗതസംഘം ചെയര്‍മാനുമായ കെ വി സുമേഷ്, ഐടിഇഎഫ് കേന്ദ്രകമ്മറ്റി പ്രസിഡന്റ് പി വി രാജേന്ദ്രന്‍, എം വി ചന്ദ്രന്‍, ഇന്‍കം ടാക്സ് കമ്മീഷണര്‍ എന്‍ ജയശങ്കര്‍ ഐആര്‍എസ്, കണ്ണൂര്‍ റേഞ്ച് ജോയിന്റ് കമ്മീഷണര്‍ കെ ഗിരീഷ് ഐആര്‍എസ്, ഇയാസ് അഹമ്മദ് ഐആര്‍എസ്, വി എം ജയദേവന്‍, എം വി ശങ്കരന്‍, ഇ പി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kannur, News, Kerala, MPs, Jail, Supreme Court of India, Inauguration, BJP, KK Ragesh, Modi Government, KK Ragesh MP about BJP