സിഎജി റിപ്പോര്‍ട്ട് അവഗണിക്കാന്‍ സിപിഎം
വിവാദത്തില്‍ രാഷ്ട്രീയമുള്ളതുകൊണ്ടുതന്നെ റിപ്പോര്‍ട്ടിനെ കാര്യമായി പരിഗണിക്കേണ്ടതില്ല. അതുകൊണ്ട് പാര്‍ട്ടി നേതൃത്വം വിഷയത്തില്‍ പ്രതികരിച്ച് വിവാദം വലുതാക്കാന്‍ സിപിഎം ഉദ്ദേശിക്കുന്നില്ല.
by ആര്. ശ്രീജിത്ത്/മാതൃഭൂമി ന്യൂസ്തിരുവനന്തപുരം: പോലീസ് വകുപ്പില്‍ അഴിമതിയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സിഎജി റിപ്പോര്‍ട്ട് അവഗണിക്കാന്‍ സിപിഎമ്മില്‍ ധാരണ. സിഎജി റിപ്പോര്‍ട്ടിന്റെ സാധാരണ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകട്ടെയെന്നാണ് സിപിഎം നിലപാട്. സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിശദമായ ചര്‍ച്ച ഉണ്ടായില്ല.
സാധാരണ നടപടിക്രമങ്ങള്‍ പാലിച്ച് റിപ്പോര്‍ട്ട് മുന്നോട്ടുപോകട്ടെയെന്നാണ് സിപിഎം കരുതുന്നത്. സര്‍ക്കാരിന്റെ തലവനെന്ന നിലയില്‍ പ്രശ്‌നങ്ങളെ മുഖ്യമന്ത്രി നേരിടും. പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദത്തില്‍ രാഷ്ട്രീയമുണ്ടെന്നാണ് സിപിഎം നിലപാട്. റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുന്‍പുതന്നെ ഇതിന്റെ പ്രസക്ത ഭാഗങ്ങള്‍ യുഡിഎഫിന് ലഭിച്ചിരുന്നു. സിഎജിക്ക് കോണ്‍ഗ്രസ് രാഷ്ട്രീയപക്ഷപാതമുണ്ടെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ബുള്ളറ്റ് പ്രൂഫ് കാറു വാങ്ങിയത് ഒഴികെയുള്ള പ്രശ്‌നങ്ങളൊന്നും എല്‍ഡിഎഫിന്റെ കാലത്തേതല്ല. വെടിയുണ്ട കാണാതായത് 2013 മുതലുള്ള കാലത്താണ്. മാത്രമല്ല, 2015 നവംബര്‍ 27ന് അന്നത്തെ ഡിജിപിയായിരുന്ന ടിപി സെന്‍കുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെടിയുണ്ട കാണാതായ സംഭവത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ രാഷ്ട്രീയമുണ്ടെന്ന് സിപിഎം കരുതുന്നത്.
വിവാദത്തില്‍ രാഷ്ട്രീയമുള്ളതുകൊണ്ടുതന്നെ റിപ്പോര്‍ട്ടിനെ കാര്യമായി പരിഗണിക്കേണ്ടതില്ല. പാര്‍ട്ടി നേതൃത്വം വിഷയത്തില്‍ പ്രതികരിക്കുകയോ വിവാദം വലുതാക്കുകയോ ചെയ്യാന്‍ സിപിഎം ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ചചെയ്യാത്തതെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: cpm decided to ignore cag report against police department