വിധി നടപ്പാക്കാൻ കഴിയില്ലെങ്കിൽ സർക്കാർ അത് പറയണം ; കോതമംഗലം പള്ളി ഏറ്റെടുക്കാൻ വൈകുന്നതിൽ പിണറായി സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
by Janam TV Web Deskകൊച്ചി : കോതമംഗലം പള്ളി ഏറ്റെടുക്കാൻ വൈകുന്നതിൽ പിണറായി സർക്കാരിനു ഹൈക്കോടതിയുടെ വിമർശനം . വിധി നടപ്പാക്കാൻ കഴിയില്ലെങ്കിൽ സർക്കാർ അത് അറിയിക്കണം. കോടതി ഉത്തരവ് പാലിക്കാത്ത സര്‍ക്കാര്‍ നടപടി അംഗീകരിക്കാൻ കഴിയില്ല. ഈ മാസം 25ന് ജില്ലാ കലക്ടർ നേരിട്ട് ഹാജരാകണം. പള്ളി ഏറ്റെടുക്കാനുള്ള തീരുമാനം എങ്ങനെയാണു നടപ്പാക്കാൻ പോകുന്നതെന്ന് വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കോതമംഗലം പള്ളി കലക്ടർ ഏറ്റെടുത്ത്, ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണം എന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യു ഹര്‍ജി ദിവസങ്ങള്‍ക്കു മുമ്പ് ഹൈക്കോടതി തള്ളിയിരുന്നു. യാക്കോബായ വിഭാഗം സമർപ്പിച്ച റിവ്യൂ ഹർജിയും ഇതോടൊപ്പം കോടതി തള്ളിയിരുന്നു.
ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി വിധിയുടെ ലംഘനം ആണെന്നാണ് സർക്കാർ വിലയിരുത്തൽ .വിശ്വാസികളുടെയും വികാരിയുടെയും കാര്യത്തിൽ വ്യക്തത വരുത്താതെ പള്ളി ഏറ്റെടുക്കാൻ കഴിയില്ലെന്നും സർക്കാരിന്റെ റിവ്യൂ ഹർജിയിൽ പറഞ്ഞിരുന്നു .
ഓർത്തഡോക്സ് വൈദികൻ തോമസ് പോൾ റമ്പാൻ സമർപ്പിച്ച ഹർജിയിൽ ആയിരുന്നു പള്ളിഭരണം എത്രയും വേഗം ഏറ്റെടുത്ത് കൈമാറണമെന്നും അല്ലെങ്കിൽ കലക്ടർ നേരിട്ട് ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടത്.