https://janamtv.com/wp-content/uploads/2020/02/aishi-ghosh.jpg

ഐഷി ഘോഷിനെ അതിഥിയായി ക്ഷണിച്ച് ഇടത് അനുകൂല സംഘടനകള്‍; അനുമതി നിഷേധിച്ച് കല്‍ക്കട്ട യൂണിവേഴ്‌സിറ്റി

by

കൊല്‍ക്കത്ത: ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന് പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ച് കല്‍ക്കട്ട യൂണിവേഴ്‌സിറ്റി. ഇടത് അനുകൂല സംഘടനകളും ഒരു വിഭാഗം അദ്ധ്യാപകരും സംഘടിപ്പിക്കുന്ന പരിപാടിയില്‍ അതിഥിയായി ഐഷി ഘോഷിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഐഷി ഘോഷിനെ ക്ഷണിക്കുന്നതിന് കല്‍ക്കട്ട യൂണിവേഴ്‌സിറ്റി അനുമതി നിഷേധിക്കുകയായിരുന്നു.

സര്‍വകലാശാലക്കുള്ളില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാന്‍ ഐഷി ഘോഷിന് അനുവാദം നല്‍കുന്നതിനെ കൊല്‍ക്കത്ത പോലീസ് എതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവത്ക്കരണത്തിനെതിരെ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലെ സെമിനാറില്‍ പങ്കെടുക്കാനാണ് ഐഷിക്ക് ക്ഷണം ലഭിച്ചിരുന്നത്. ‘കല്‍ക്കട്ട യൂണിവേഴ്‌സിറ്റി സേവ് ഓട്ടോണമി സേവ് യൂണിവേഴ്‌സിറ്റി ഫോറം’ എന്ന ഇടത് അനുകൂല സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ക്യാംപസിനുള്ളില്‍ നടക്കുന്ന ഒരു രാഷ്ട്രീയ യോഗത്തില്‍ പുറത്തുനിന്നുള്ളവരുടെ പങ്കാളിത്തം അനുവദിക്കാന്‍ പറ്റില്ലെന്നും അത് സര്‍വകലാശാലയുടെ പാരമ്പര്യത്തിന് വിരുദ്ധമാണെന്നും അധികൃതര്‍ അറിയിച്ചു. സംഘാടകര്‍ പരിപാടിക്ക് അനുമതി തേടിയിട്ടില്ലെന്നും സര്‍വകലാശാല വ്യക്തമാക്കി. എന്നാല്‍, അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചതായി സംഘാടകര്‍ അറിയിച്ചു. സര്‍വകലാശാല അനുമതി നിഷേധിച്ചതിനാല്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മറ്റ് ഉദ്യോഗസ്ഥരും സര്‍വകലാശാലയ്ക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.