ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായത്? പുല്‍വാമ വാര്‍ഷികത്തില്‍ കേന്ദ്രത്തോട് ചോദ്യമുയര്‍ത്തി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പുല്‍വാമ വാര്‍ഷിക ദിനത്തില്‍ കേന്ദ്രത്തോട് ചോദ്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുല്‍വാമയില്‍ ജീവന്‍ വെടിഞ്ഞ ജവാന്മാരെ അനുസ്മരിച്ചുകൊണ്ടാണ് ആക്രമണത്തിന്റെ അന്വേഷണം സംബന്ധിച്ച് മോഡി സര്‍ക്കാരിനെതിരെ രഹുല്‍ ഗാന്ധി ചോദ്യങ്ങളുയര്‍ത്തിയത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിച്ചത്? ആക്രമണത്തിന്റെ അന്വേഷണ ഫലം എന്തായി? ആക്രമണത്തിന് സാഹചര്യമൊരുക്കിയ സുരക്ഷാ വീഴ്ച വരുത്തിയ ബിജെപി സര്‍ക്കാരില്‍ ആരാണ് ഉത്തരവാദി? എന്നിങ്ങനെ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ഉയര്‍ത്തിയിരിക്കുന്നത്.
ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് സഞ്ചരിക്കുന്നതിനിടെയാണ് പുല്‍വാമയ്ക്കടുത്തായി സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേര്‍ക്ക് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ചാവേറാക്രമണം നടത്തിയത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ വാഹനവ്യൂഹത്തിനു നേര്‍ക്ക് ഇടിച്ചുകയറ്റുകയായിരുന്നു. 40 ജവാന്മാരാണ് വീരമ്യത്യു വരിച്ചത്.