ഉദ്ഘാടന വേദിയില്‍ മന്ത്രിയും എംപിയും തമ്മില്‍ വാക്‌പോര്: കൊടിക്കുന്നിലിന്റെ പ്രസംഗത്തിനിടെ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഇറങ്ങിപ്പോയി

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/02/372755/mp-minister.jpg

കൊല്ലം: ഉദ്ഘാടന വേദിയില്‍ മന്ത്രിയും എംപിയും തമ്മില്‍ വാക്‌പോര്. കൊല്ലം നെടിയവിള ഇഎസ്‌ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടന വേദിയിലാണ് മന്ത്രി ടിപി രാമകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷ് എംപിയും പരസ്പരം തര്‍ക്കം നടന്നത്. എംപിയുടെ സമയം ചോദിക്കാതെ ഉദ്ഘാടനം നിശ്ചയിച്ചതും, പിന്നാലെ വേദിയില്‍ സീറ്റ് ഒരുക്കാതിരുന്നതുമാണ് കൊടിക്കുന്നില്‍ സുരേഷിനെ ചൊടിപ്പിച്ചത്.

പ്രസംഗത്തിന്റെ അവസാനം എംപി പരസ്യമായി പ്രതിഷേധം അറിയിച്ചതോടെ മന്ത്രി ഇത് വിലക്കി. എന്നാല്‍ കൊടിക്കുന്നില്‍ സുരേഷ് പ്രസംഗം തുടരുന്നതിനിടെ ടി പി രാമകൃഷ്ണന്‍ വേദിയില്‍ നിന്നിറങ്ങിപ്പോകുകയായിരുന്നു. താന്‍ കേന്ദ്രമന്ത്രി ആയിരിക്കെ ആണ് ഡിസ്‌പെന്‍സറിക്കായി ശ്രമം തുടങ്ങിയതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനായി ഒന്നും ചെയ്തില്ലെന്ന എംപിയുടെ പരാമര്‍ശമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. വേദിയിലുണ്ടായിരുന്ന കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും മറ്റ് ഉദ്യോഗസ്ഥരും അഭ്യര്‍ത്ഥിച്ചിട്ടും താന്‍ മടങ്ങുകയാണെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. എന്നാല്‍ എംപിയുടെ കൂടെ അനുവാദത്തോടെയാണ് താന്‍ വേദി വിട്ടതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു.