പുൽവാമ: നേട്ടമുണ്ടാക്കിയത് ആര്? മൂന്ന് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി
by Muhammed Salavudheenന്യൂഡല്‍ഹി: 40 സി.ആര്‍.പി.എഫ്. ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന്റെ വാർഷിക ദിനത്തിൽ കേന്ദ്ര സർക്കാരിനെതിരെ മൂന്ന് ചോദ്യങ്ങളുയർത്തി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. പുൽവാമ അക്രമത്തിലൂടെ ആര്‍ക്കാണ് നേട്ടമുണ്ടായതെന്ന് രാഹുല്‍ ഗാന്ധി എം.പി. ട്വിറ്ററിലൂടെ ചോദിച്ചു.
പുല്‍വാമ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ആരാണ്?, ആക്രമണം സംബന്ധിച്ച അന്വേഷണത്തിന്റെ ഫലമെന്താണ്? ആക്രമണം നടക്കാനുണ്ടായ സുരക്ഷാ വീഴ്ചകള്‍ക്ക് ബി.ജെ.പി സര്‍ക്കാരിലെ ആരാണ് ഉത്തരവാദികള്‍? - എന്നീ ചോദ്യങ്ങളാണ് രാഹുല്‍ ഉയര്‍ത്തിയിരിക്കുന്നത്.
ചാവേര്‍ സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ദേശീയ അന്വേഷണ ഏജന്‍സിക്ക് സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ചോദ്യങ്ങള്‍ പ്രസക്തമാകുന്നത്.
2019- ഫെബ്രുവരി 14-ന് ഉച്ചകഴിഞ്ഞ മൂന്നേകാലോടെ അവധി കഴിഞ്ഞു മടങ്ങുന്നവര്‍ അടക്കം 2547 സിആര്‍പിഎഫ് ജവാന്‍മാര്‍ 78 വാഹനങ്ങളില്‍ ജമ്മുവില്‍നിന്നു ശ്രീനഗറിലേക്കു പോകുമ്പോൾ ദേശീയപാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപമായിരുന്നു ആക്രമണം. ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ആദില്‍ അഹമ്മദ് ദര്‍ എന്ന ചാവേറാണ് സ്‌ഫോടന വസ്തുക്കള്‍ നിറച്ച വാഹനം ജവാന്മമാര്‍ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റിയത് എന്നാണ് കണ്ടെത്തിയത്. ആക്രമണത്തില്‍ വയനാട് ലക്കിടി സ്വദേശി വി.വി.വസന്ത കുമാറും കൊല്ലപ്പെട്ടിരുന്നു.