ആദ്യ ടെസ്റ്റിനിറങ്ങുമ്പോള്‍ റോസ് ടെയ്‌ലറുടെ പേരില്‍ പിറക്കാനിരിക്കുന്നത് പുതിയ ചരിത്രം

ഇംഗ്ലണ്ടിനെതിരേ മാഞ്ചസ്റ്ററില്‍ 158 റണ്‍സ്, കൊളംബോയില്‍ ശ്രീലങ്കക്കെതിരേ 170, പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരേ 290... അങ്ങനെ നീളുന്നു വെള്ളയില്‍ ടെയ്‌ലര്‍ തുന്നിച്ചേര്‍ത്ത മനോഹര ക്രിക്കറ്റ് നിമിഷങ്ങള്‍

https://www.mathrubhumi.com/polopoly_fs/1.4528221.1581663071!/image/image.jpg_gen/derivatives/landscape_894_577/image.jpg
Image Courtesy: Getty Images

വെല്ലിങ്ടണ്‍: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കാനൊരുങ്ങുകയാണ് ന്യൂസീലന്‍ഡ് താരം റോസ് ടെയ്‌ലര്‍. 

ഫെബ്രുവരി 21-ന് വെല്ലിങ്ടണ്‍ മൈതാനത്ത് ഇന്ത്യക്കെതിരേ ടെസ്റ്റ് കളിക്കാനിറങ്ങുമ്പോള്‍ ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലറിന്റെ പേരില്‍ പുതിയൊരു ചരിത്രം പിറക്കും.

എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തന്റെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഇനിയൊരു മത്സരം കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ടെയ്‌ലര്‍ പറയുന്നു.

231 ഏകദിനങ്ങളും 100 ട്വന്റി 20 മത്സരങ്ങളും 99 ടെസ്റ്റ് മത്സരങ്ങളും ടെയ്‌ലര്‍ കിവീസിനായി കളിച്ചിട്ടുണ്ട്. 2007ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആയിരുന്നു ടെയ്‌ലറുടെ ടെസ്റ്റ് അരങ്ങേറ്റം. രണ്ട് മത്സരങ്ങളില്‍ നിന്നായി 44 റണ്‍സ് മാത്രമാണ് അന്ന് ടെയ്‌ലര്‍ക്ക് സ്‌കോര്‍ ചെയ്യാനായത്. ഇനിയൊരു ടെസ്റ്റ് മത്സരം കളിക്കാനാകുമെന്ന് ടെയ്‌ലര്‍ പോലും അന്ന് കരുതിയതല്ല. 35-ാം വയസില്‍ നൂറാം ടെസ്റ്റിന് ഒരുങ്ങുമ്പോള്‍ 7174 റണ്‍സാണ് ക്രിക്കറ്റിന്റെ ദീര്‍ഘ ഫോര്‍മാറ്റില്‍ ടെയ്‌ലറുടെ സമ്പാദ്യം. അതില്‍ എണ്ണം പറഞ്ഞ കുറേ ഇന്നിങ്‌സുകളും. 

ഇംഗ്ലണ്ടിനെതിരേ മാഞ്ചസ്റ്ററില്‍ 158 റണ്‍സ്, കൊളംബോയില്‍ ശ്രീലങ്കക്കെതിരേ 170, പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരേ 290... അങ്ങനെ നീളുന്നു വെള്ളയില്‍ ടെയ്‌ലര്‍ തുന്നിച്ചേര്‍ത്ത മനോഹര ക്രിക്കറ്റ് നിമിഷങ്ങള്‍. 

''ക്രിക്കറ്റില്‍ ഇതുവരെ എന്തൊക്കെ നേടാനായോ അതില്‍ ഞാന്‍ സംതൃപ്തനാണ്. ന്യൂസിലന്‍ഡിന് വേണ്ടി കഴിയുന്നത്രകാലം കളിക്കുക എന്നതുതന്നെയാണ് ആഗ്രഹം'', - റോസ് ടെയ്‌ലര്‍ പറയുന്നു.

Content Highlights: Ross Taylor on approaching 100 Tests milestone