10 രൂപയ്ക്ക് താലി മീൽസ്; മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതി സൂപ്പര്‍ഹിറ്റ്
തുടക്കത്തില്‍ 11,300 പേര്‍ക്കായിരുന്നു ഉച്ചഭക്ഷണം നല്‍കിയത്. ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ ഒരാഴ്ചയ്ക്ക് ശേഷം വിതരണം വര്‍ധിപ്പിക്കുകയായിരുന്നു
മുംബൈ: 10 രൂപയ്ക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നല്‍കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശിവ് ഭോജന്‍ താലി പദ്ധതി വന്‍വിജയം. ജനുവരി 26 ന് ആരംഭിച്ച് 17 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 139 കേന്ദ്രങ്ങളിലായി രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് കുറഞ്ഞവിലയ്ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ താക്കറെ സര്‍ക്കാരിനായതായി ഔദ്യോഗിക വക്താവ് ബുധനാഴ്ച അറിയിച്ചു. ശിവസേന സര്‍ക്കാരിന്റെ ജനക്ഷേമപരിപാടികളില്‍ ഒന്നാണിത്.
ശിവ് ഭോജന്‍ താലി പദ്ധതിയിലൂടെ 2,33,738 പേര്‍ക്ക് ഇതു വരെ പ്രയോജനം ലഭിച്ചു. ഏകദേശം 13, 750 പേര്‍ക്ക് ദിവസേന പദ്ധതിയിലൂടെ ഉച്ചഭക്ഷണം നല്‍കി വരുന്നു. തുടക്കത്തില്‍ 11,300 പേര്‍ക്കായിരുന്നു ഉച്ചഭക്ഷണം നല്‍കിയത്. ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ ഒരാഴ്ചയ്ക്ക് ശേഷം വിതരണം വര്‍ധിപ്പിക്കുകയായിരുന്നു.
ഭക്ഷണത്തിന്റെ ഗുണനിലവാരവും ഭക്ഷണവിതരണകേന്ദ്രങ്ങളിലെ ശുചിത്വവും ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരിട്ടാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. ആവശ്യക്കാര്‍ക്ക് തന്നെയാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതെന്ന് ഉറപ്പു വരുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പദ്ധതി ആരംഭിച്ച ആദ്യദിവസങ്ങളില്‍ മുഖ്യമന്ത്രി ഉപഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയിരുന്നു.
ജില്ലാ ആശുപത്രികള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വ്യാപാരകേന്ദ്രങ്ങള്‍ തുടങ്ങി സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള ജനങ്ങള്‍ കൂടുതലായെത്തുന്ന സ്ഥലങ്ങളിലാണ് ഭക്ഷണകേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ചോറ്, ചപ്പാത്തി, പരിപ്പുകറി, പച്ചക്കറി വിഭവം, പായസം എന്നിവയടങ്ങുന്നതാണ് ശിവ് ഭോജന്‍ താലി.
സര്‍ക്കാരുദ്യോഗസ്ഥരുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കാനുള്ള നടപടികളും താക്കറെ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഞായറാഴ്ച കൂടാതെ രണ്ടാമത്തേയും നാലാമത്തേയും ശനിയാഴ്ച സര്‍ക്കാര്‍ അവധി നല്‍കിയിട്ടുണ്ട്.
Content Highlights: Maharashtra Govt's 'Shiv Bhojan' at Rs 10