ജസ്റ്റിസ് ഷാ സുപ്രീം കോടതിയെ വിമര്‍ശിക്കുമ്പോള്‍ | വഴിപോക്കന്‍

പകല്‍ പോലെ തെളിച്ചമാര്‍ന്ന ഭാഷയിലാണ് ജസ്റ്റിസ് ഷാ കാര്യങ്ങള്‍ പറയുന്നത്. ഇങ്ങനെയുള്ള മനുഷ്യര്‍ ഇപ്പോഴും ഇവിടെ ജീവിച്ചിരിക്കുന്നുണ്ടെന്നതാണ് ജനാധിപത്യ വിശ്വാസികളുടെ ആഹ്ളാദവും ആശ്വാസവും.

by
https://www.mathrubhumi.com/polopoly_fs/1.4528239.1581664157!/image/image.jpg_gen/derivatives/landscape_894_577/image.jpg
ജസ്റ്റിസ് എ.പി. ഷാ

റയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്തു പറയേണ്ട രീതിയില്‍ പറയണമെന്നതു സുപ്രധാനമാണ്. ഇന്ത്യ-പാക്ക് വിഭജനത്തെ തുടര്‍ന്ന് ബംഗാളിലെ നൗഖലിയില്‍ കൂട്ടക്കൊല നടന്നപ്പോള്‍ അതിനെതിരെ ഗാന്ധിജി സധൈര്യം എടുത്ത നിലപാട് ആയിരങ്ങളുടെ ജീവനാണു രക്ഷിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും അടിയന്തരവാസ്ഥക്കാലത്ത് ഭരണകൂടത്തിന്റെ നിഷ്ഠൂരതയ്ക്കെതിരെ നിര്‍ഭയമായ നിലപാടെടുത്ത ജസ്റ്റിസ് ഖന്നയുടെ വിയോജനക്കുറിപ്പും മറക്കാനാവില്ല. 

ഈ ഫെബ്രുവരി പത്തിന് ഡെല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ.പി. ഷാ നടത്തിയ ലക്ഷ്മി ചന്ദ് ജയിന്‍ അനുസ്മരണ പ്രഭാഷണം ചരിത്രത്തില്‍ ഇടം പിടിക്കുന്നത് ഈ പരിസരത്തിലാണ്. ഈ വാക്കുകള്‍ ഇപ്പോള്‍ പറഞ്ഞതിലാണ് ഇന്ത്യന്‍ ജനത ജസ്റ്റിസ് ഷായോട് കടപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് ഷായുടെ പ്രഭാഷണത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുക മാത്രമാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

സുപ്രീം കോടതിക്കെതിരെ നിശിതവിമര്‍ശമാണ് പ്രഭാഷണത്തില്‍ ജസ്റ്റിസ് ഷാ ഉന്നയിച്ചത്. ഭരണഘടനയോടുള്ള ധാര്‍മ്മിക ബാദ്ധ്യത നിറവേറ്റുന്നതില്‍ സുപ്രീം കോടതി പരാജയപ്പെടുന്നത് ഏറെ വേദനാജനകമാണെന്നും ഈ വീഴ്ചകള്‍ പരിഹരിക്കാന്‍ സുപ്രീം കോടതി എത്രയും പെട്ടെന്ന് തയ്യാറാവണമെന്നുമാണ് ജസ്റ്റിസ് ഷാ ചൂണ്ടിക്കാട്ടുന്നത്.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടം ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നതിനെക്കുറിച്ച് സ്റ്റീവന്‍ ലെവിസ്‌കിയും ഡാനിയല്‍ സിബ്ളാറ്റും 'ജനാധിപത്യം മരിക്കുന്നതെങ്ങിനെ?' എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നത് ജസ്റ്റിസ് ഷാ പ്രസംഗത്തില്‍ ഉദ്ധരിക്കുന്നു. 'ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഏകാധിപതികള്‍ സ്ഥാപനങ്ങളെ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റുന്നു. അവര്‍ മാദ്ധ്യമങ്ങളെയും സ്വകാര്യ മേഖലയെയും നിശ്ശബ്ദമാക്കുന്നു. എന്നിട്ട് നിയമങ്ങള്‍ അവര്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി പുതുക്കിയെഴുതുന്നു.''

ഇന്നിപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത് ഇതാണെന്നും ഇതു തടയേണ്ട സുപ്രീം കോടതി ആ ധര്‍മ്മം നിര്‍വ്വഹിക്കുന്നില്ലെന്നുമാണ് ജസ്റ്റിസ് ഷാ പറയുന്നത്. അയോദ്ധ്യ, കാശ്മീര്‍, ശബരിമല, സി.എ.എ., എന്‍.ആര്‍.സി.  എന്നിവയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി എടുത്ത നിലപാടുകള്‍ പരിശോധിച്ചു കൊണ്ടാണ് ജസ്റ്റിസ് ഷാ ഈ വിമര്‍ശം നടത്തുന്നത്. ഭരണഘടനാപരമായ ധാര്‍മ്മികത നിറവേറ്റുന്നതില്‍ ഈ വിധികളിലൊക്കെ തന്നെ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നു വലിയ വീഴ്ചയുണ്ടായെന്ന് ജസ്റ്റിസ് ഷാ ചൂണ്ടിക്കാട്ടുന്നു.

അയോദ്ധ്യ കേസ് വിധിയെക്കുറിച്ച് ജസ്റ്റിസ് ഷാ നടത്തിയ പരാമര്‍ശങ്ങള്‍ മാത്രം ഇവിടെ കൊടുക്കുന്നു. 
''കോടതിയുടെ വിധി ഏകകണ്ഠമായിരുന്നു എന്നാല്‍ വിധിക്കു നാഥനുണ്ടായിരുന്നില്ല. പതിവിനു വിപരീതമായി വിധി എഴുതിയ ജഡ്ജിയുടെ പേരുണ്ടായിരുന്നില്ല. 116 പേജുള്ള അനുബന്ധമായിരുന്നു മറ്റൊരു വൈരുദ്ധ്യം. വിധിയുമായി ബന്ധപ്പെട്ടുയര്‍ന്ന നിര്‍ണ്ണായകമായൊരു വിഷയം ധാര്‍മ്മികതയാണ്.''

''ഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം സമാധാനവും ശാന്തതയും നിലനിര്‍ത്തുന്നതിന് അനുയോജ്യമല്ലെന്ന നിഗമനത്തിലേക്കാണ് സുപ്രീം കോടതി എത്തിയത്. എന്നാല്‍ പൂര്‍ണ്ണമായും നീതി നല്‍കുന്നതില്‍ സുപ്രീം കോടതിയുടെ വിധിക്കായോ എന്ന ചോദ്യം ബാക്കിയാണ്. 1949-ല്‍ മസ്ജിദില്‍ വിഗ്രഹങ്ങള്‍ വെച്ചതു തെറ്റാണെന്ന് കോടതി പറഞ്ഞു. 1992-ല്‍ പള്ളി പൊളിച്ചതും തെറ്റാണെന്ന് കോടതി വ്യക്തമാക്കി. പക്ഷെ, ഈ തെറ്റുചെയ്തവര്‍ക്കു ഭൂമി സമ്മാനിക്കുകയാണ് കോടതി ചെയ്തത്.''

''പള്ളി ഇപ്പോഴും അവിടെ നിലിന്നിരുന്നെങ്കില്‍ ഭൂമി ഹിന്ദുക്കള്‍ക്കു വിട്ടുകൊടുക്കുമായിരുന്നോ എന്ന ചോദ്യം ഉയരുന്നത് ഇവിടെയാണ്. ബാബറി മസ്ജിദ് പൊളിച്ചതിലെ നിയമവിരുദ്ധത കോടതി തിരിച്ചറിയുന്നുണ്ട്. എന്നാല്‍ അതിന്മേല്‍ നടപടി എടുക്കുന്നില്ല. പള്ളി പൊളിച്ചവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണമെന്നാണ് ഹിന്ദു മഹാസഭ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഈ കര്‍സേവകര്‍ക്കു സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കണമെന്നും ഇവരുടെ  പേരുകള്‍ ക്ഷേത്രച്ചുവരില്‍ എഴുതിവെയ്ക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെടുന്നു.''

''യഥാര്‍ത്ഥത്തില്‍ ഈ വിധി മതേതരത്വം ബലപ്പെടുത്തുകയോ നിലനിര്‍ത്തുകയോ ചെയ്യുന്നുണ്ടോ?  മുസ്ലീങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി വിട്ടുകൊടുത്തതാണോ ശരിയായ നഷ്ടപരിഹാരമെന്നു മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ്ബോള്‍ ചോദിച്ചതിനോട് ഞാന്‍ യോജിക്കുന്നു. ആരാധനാലയം തകര്‍ത്തതിനെത്തുടര്‍ന്ന് മുസ്ലിങ്ങള്‍ അനുഭവിച്ച മാനസികവിഷമത്തിന് എന്തു പരിഹാരമാണുള്ളതെന്ന് ഗോഡ്ബോള്‍ ചോദിക്കുന്നുണ്ട്. മാതൃകാപരമായ അവസ്ഥയില്‍ പള്ളി പുനര്‍നിര്‍മ്മിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദ്ദേശം നല്‍കുകയാണു വേണ്ടിയിരുന്നതെന്നും ഗോഡ്ബോള്‍ പറയുന്നു. പള്ളി തകര്‍ത്തപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവു ഇക്കാര്യം  പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. ലളിതമായ പരിഹാരം നിര്‍ദ്ദേശിക്കുന്നതിനു പകരം നടപ്പാക്കല്‍ പ്രക്രിയ സങ്കീര്‍ണ്ണമാക്കുകയാണ് കോടതി ചെയ്തത്. ''

ജസ്റ്റിസ് ഷായുടെ പ്രസംഗം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. സമകാലിക ഭാരതം നേരിടുന്ന വലിയൊരു പ്രതിസന്ധിയിലേക്കു നിര്‍ഭയം വിരല്‍ ചൂണ്ടുന്നതായതുകൊണ്ടാണ് ഇതിലെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ എടുത്തുകൊടുത്തത്. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന അഗ്നിപരീക്ഷകളില്‍ സുപ്രീം കോടതിയിലേക്കല്ലാതെ വേറെ എങ്ങോട്ടാണു പൗരസമൂഹം സാന്ത്വനത്തിനായി തിരിയുകയെന്ന് ജസ്റ്റിസ് ഷാ ചോദിക്കുന്നു. 

ജസ്റ്റിസ് ഷായുടെ പ്രസംഗത്തെക്കുറിച്ച് കൂടുതല്‍ വ്യഖ്യാനങ്ങളിലേക്കോ വിശകലനങ്ങളിലേക്കോ കടക്കുന്നില്ല. പകല്‍ പോലെ തെളിച്ചമാര്‍ന്ന ഭാഷയിലാണ് ജസ്റ്റിസ് ഷാ കാര്യങ്ങള്‍ പറയുന്നത്. ഇങ്ങനെയുള്ള മനുഷ്യര്‍ ഇപ്പോഴും ഇവിടെ ജീവിച്ചിരിക്കുന്നുണ്ടെന്നതാണ് ജനാധിപത്യ വിശ്വാസികളുടെ ആഹ്ളാദവും ആശ്വാസവും.

ജസ്റ്റിസ് ഷാ നടത്തിയ പ്രസംഗത്തിന്റെ ഇംഗ്ലീഷിലുള്ള പൂര്‍ണരൂപം വായിക്കാം

Content Highlioghts: Justice A.P. Shah's speech on recent Supreme Court orders