ടെലികോം കമ്പനികള്‍ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; കോടതിയലക്ഷ്യ നോട്ടീസ്

https://www.mathrubhumi.com/polopoly_fs/1.3180016.1538154901!/image/image.jpg_gen/derivatives/landscape_894_577/image.jpg
Photo - PTI

ന്യൂഡല്‍ഹി: അഡ്ജസ്റ്റ് ചെയ്ത മൊത്തവരുമാനം സംബന്ധിച്ച (എ.ജി.ആര്‍.) കോടതി ഉത്തരവിനെ തുടര്‍ന്ന് ടെലികോം കമ്പനികള്‍ സര്‍ക്കാരിന് പണം നല്‍കാത്തതിനെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ടെലികോം കമ്പനികള്‍ക്കെതിരേ സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് നല്‍കുകയും കമ്പനി മേധാവികളോട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

കഴിഞ്ഞ സ്റ്റാറ്റിയൂട്ടറി കുടിശികയായി ഭാരതി എയര്‍ടെലും, വോഡഫോണ്‍ ഐഡിയയും ടാറ്റ ടെലിസര്‍വീസും  1.47 ലക്ഷം കോടി രൂപ സര്‍ക്കാരിന് നല്‍കാനുണ്ട്. ഇത് മാര്‍ച്ച് 17-ന് മുമ്പ് സര്‍ക്കാരിന് നല്‍കണമെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അബ്ദുള്‍ നസീര്‍, എം.ആര്‍.ഷാ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. 

പണം നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ കമ്പനി മേധാവികള്‍ അടുത്ത തവണ വാദം കേള്‍ക്കുമ്പോള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. 

എ.ജി.ആര്‍ കുടിശിക ഈടാക്കുന്ന സുപ്രീംകോടതി ഉത്തരവ് മരവിപ്പിച്ച ടെലി കമ്മ്യണിക്കേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനും കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. സുപ്രീംകോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്ത ഉദ്യോഗസ്ഥന്റെ നടപടിയില്‍ കോടതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. നടപടിയില്‍ കോടതി ഞെട്ടലും അതൃപതിയും രേഖപ്പെടുത്തി. 

'ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? ഈ കമ്പനികളെല്ലാം ഒരു പൈസ പോലും നല്‍കിയിട്ടില്ല, സുപ്രീം കോടതിക്ക് ഒരു മൂല്യവുമില്ലേ? പണശക്തിയുടെ ഫലമാണോ ഇത്..'ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.

Content Highlights: SC Issues Contempt Notices Against Telecom Companies Which Have Not Paid AGR Dues