സിഎഎ വിരുദ്ധ പ്രസംഗം: ഡോ. കഫീല്‍ ഖാനെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്

അലിഗഢില്‍ നടത്തിയ പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്നാരോപിച്ചാണ് ഇപ്പോള്‍ ദേശീയ സുരക്ഷാ നിയമം ചുമത്തിയിരിക്കുന്നത്.

https://www.mathrubhumi.com/polopoly_fs/1.2894644.1529231288!/image/image.jpg_gen/derivatives/landscape_894_577/image.jpg
Photo: ANI

ലക്‌നൗ: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രസംഗിച്ചതിന്റെ പേരില്‍ ഡോ. കഫീല്‍ ഖാനെതിരേ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി കേസ്. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരേ വകുപ്പ് ചുമത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിദഗ്ധനായിരുന്ന കഫീല്‍ ഖാന്‍ ഓക്‌സിജന്‍ കിട്ടാതെ ശിശുക്കള്‍ കൂട്ടത്തോടെ മരിച്ച സംഭത്തില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ നേരിട്ടിരുന്നു.

ഡിസംബര്‍ 12നാണ് കഫീല്‍ ഖാന്‍ അലിഗഢ് സര്‍വകലാശാലയില്‍ പ്രസംഗം നടത്തിയത്. ജനുവരി 29ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മുംബൈ ബാഗില്‍ സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. കഫീല്‍ ഖാന്‍ ഇപ്പോള്‍ മഥുര ജയിലിലാണുള്ളത്. അദ്ദേഹം അലിഗഢില്‍ നടത്തിയ പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്നാരോപിച്ചാണ് ഇപ്പോള്‍ ദേശീയ സുരക്ഷാ നിയമം ചുമത്തിയിരിക്കുന്നത്.

കഫീല്‍ ഖാന് ജാമ്യം തേടി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അലിഗഡ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ജാമ്യ നടപടികള്‍ വേഗത്തിലാക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതിനിടയിലാണ് ആദ്യത്തെ കേസില്‍ പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്. ഇതോടെ അദ്ദേഹത്തിന് ഉടനൊന്നും ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് കഫീല്‍ ഖാന്റെ സഹോദരന്‍ അദീല്‍ ഖാന്‍ പറഞ്ഞു.

Content Highlights: NSA Slapped on Dr Kafeel Khan for Remarks at Anti-CAA Protest