ശബരിമല : ഡ്യൂട്ടി കഴിഞ്ഞ് ഒരുമാസമായിട്ടും സ്പെഷ്യൽ പോലീസ് ഓഫീസർമാർക്ക് ഇനിയും ശമ്പളം ലഭിച്ചില്ലെന്ന് പരാതി; ആഭ്യന്തര വകുപ്പ് നൽകാനുള്ളത് നാലരക്കോടിയോളം രൂപ; സർക്കാർ ഫണ്ട് കിട്ടിയില്ലെന്ന് വകുപ്പ്

by
https://jaihindtv.in/wp-content/uploads/2020/02/Special-Police-Officers-Sabarimala.jpg

ശബരിമലയില്‍ ഇത്തവണത്തെ മണ്ഡല-മകരവിളക്ക് സീസണിൽ ഡ്യൂട്ടിചെയ്ത സംസ്ഥാനത്തെ സ്പെഷ്യൽ പോലീസ് ഓഫീസർമാർക്ക് സീസൺ കഴിഞ്ഞ് ഒരു മാസമായിട്ടും ഇനിയും ശമ്പളം ലഭിച്ചില്ല. ദിവസം 660 രൂപ ശമ്പളത്തിൽ 63 ദിവസം 1100 പേരാണ് ശബരിമല സീസണിൽ ജോലിചെയ്തത്. ആകെ നാലരക്കോടിയോളം രൂപയാണ് ആഭ്യന്തര വകുപ്പിന് ഈ ഇനത്തില്‍ ചെലവാകുക. എന്നാല്‍ സർക്കാർ ഫണ്ട് ഇനിയും ലഭ്യമായിട്ടില്ലെന്നാണ് ആഭ്യന്തര വകുപ്പില്‍ നിന്നുള്ള മറുപടിയെന്നും പരാതിക്കാർ പറയുന്നു.

ആഭ്യന്തര വകുപ്പിനു കീഴിലുള്ള പോലീസ് സേനയുടെ കുറവു പരിഹരിക്കാനാണ് സംസ്ഥാനത്തെ അപകട സാധ്യതയുള്ള വിവിധ കേന്ദ്രങ്ങളിൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നത്. സ്വകാര്യ മേഖലകളിൽ ജോലിചെയ്യുന്ന അഭ്യസ്തവിദ്യരും കായികശേഷിയുമുള്ളവരുമായ ആളുകളാണ് സ്പെഷ്യൽ പോലീസ് ഓഫീസർമാരായി നിയമിക്കപ്പെട്ടത്. എന്നെങ്കിലും ജോലി സ്ഥിരപ്പെടും എന്നുള്ള സാധ്യതയില്‍ പ്രതീക്ഷ അർപ്പിച്ചാണ് നിലവിലുള്ള ജോലി ഉപേക്ഷിച്ചും അവധിയെടുത്തും വർഷങ്ങളായി ഇവർ ജോലിയ്ക്കെത്തുന്നത്.

മുൻവർഷങ്ങളിൽ സീസൺ അവസാനിച്ച് ഒരാഴ്ചക്കുള്ളിൽ ശമ്പളം ലഭിച്ചിരുന്നുവെങ്കിലും ഈ വർഷം സീസൺ കഴിഞ്ഞ് ഒരു മാസമായിട്ടും ശമ്പളം ലഭിച്ചിട്ടില്ല.