യുഎസിലേക്ക് കടക്കാനെത്തിയവരെ സഹായിച്ചു; ഇന്ത്യൻ ഊബർ ഡ്രൈവർക്ക് തടവ്
by മനോരമ ലേഖകൻന്യൂയോർക്ക്∙ അനധികൃതമായി യുഎസിൽ പ്രവേശിക്കാനെത്തിയവരെ പണം വാങ്ങി കാറിൽ മറ്റു സ്ഥലങ്ങളിലെത്തിച്ച സംഭവത്തിൽ ഇന്ത്യൻ പൗരനായ ഊബർ ഡ്രൈവർക്ക് യുഎസിൽ തടവ്. ഫിലഡൽഫിയയിൽ താമസിക്കുന്ന ജസ്‌വീന്ദർ സിങ്ങിന് (30) 12 മാസത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്.
ഊബർ ഡ്രൈവറായി ജോലി ചെയ്യുന്ന സിങ് 2019 ജനുവരി 1 മുതൽ മേയ് 20 വരെ യുഎസില്‍ അനധികൃതമായി കുടിയേറാനെത്തിയ നിരവധിപ്പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചിട്ടുണ്ട്. പണംവാങ്ങി ചെയ്ത ഇത്തരം നടപടികൾ സിങ്ങിന്റെ പൂർണ അറിവോടെയാണെന്നും അറ്റോർണി കോടതിയെ അറിയിച്ചു.
2019 മേയ് 20നാണ് ഇയാൾ അറസ്റ്റിലായത്. അന്നും കാനഡയിൽനിന്ന് യുഎസിലേക്ക് അനധികൃതമായി കടന്ന കുട്ടിയുൾപ്പെടുന്ന സംഘത്തെ 2,200 യുഎസ് ഡോളറിന് ന്യൂയോർക്കിലെ ഒരു സ്ഥലത്ത് ഇയാൾ എത്തിച്ചിരുന്നു. ശിക്ഷാകാലാവധിക്കുശേഷം ഇയാളെ നാടുകടത്താനും സാധ്യതയുണ്ട്.
English Summary: Indian Uber driver sentenced for transporting individuals illegally entering the US