https://img-mm.manoramaonline.com/content/dam/mm/mo/district-news/kottayam/images/2020/2/14/nicholas-family.jpg
1. ഇറ്റലിയിലുണ്ടായ കാറപകടത്തിൽ മരിച്ച നിക്കോളാസ് പിതാവ് ജോൺസനും അമ്മ മേരിക്കും സഹോദരി സ്റ്റെഫാനിക്കും ഒപ്പം. (നിക്കോളാസിന്റെയും സ്റ്റെഫാനിയുടെയും കുട്ടിക്കാലത്തെ ചിത്രം), 2. നിക്കോളാസ് കണ്ടത്തിപ്പറമ്പിൽ.

പിതാവ് മരിച്ച അതേ ദിനത്തിൽ നിക്കോളാസിനും അന്ത്യവിശ്രമം; പക്ഷേ ജീവിക്കും മറ്റുള്ളവരിലൂടെ..

by

കോട്ടയം ∙ 7 വർഷം മുൻപ് പിതാവ് മരിച്ച അതേ ദിനത്തിൽ നിക്കോളാസിനും അന്ത്യവിശ്രമം ഒരുങ്ങുമ്പോൾ ഒപ്പം വിതുമ്പാൻ നിക്കോളാസിന്റെ അവയവങ്ങൾ സ്വീകരിച്ച ഒരുപാട് ഇറ്റലിക്കാരുണ്ട്. ഒപ്പം ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് എഎസ് റോമയിലെ അംഗങ്ങളും. ഇൗ മാസം 2ന് ഇറ്റലിയിലുണ്ടായ കാറപകടത്തിലാണ് എറണാകുളം തോപ്പുംപടി കണ്ടത്തിപ്പറമ്പിൽ പരേതനായ ജോൺസന്റെയും കോട്ടയം തെള്ളകം പൂവക്കോട്ട് മേരിയുടെയും മകൻ നിക്കോളാസ് കണ്ടത്തിപ്പറമ്പിലിന് (21) ഗുരുതര പരുക്കേറ്റത്. 9ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.

ഭർത്താവിന്റെ മരണം നൽകിയ ആഘാതത്തിൽ നിന്ന് വിടുതൽ നേടും മുൻപേ മകനെയും മരണം വിളിച്ചെങ്കിലും ആ അമ്മ തളർന്നില്ല. ഇറ്റലിയിലെ ആശുപത്രിയിൽ ഹെഡ് നഴ്സായ മേരി മകന്റെ മുഴുവൻ അവയവങ്ങളും ദാനം ചെയ്യാൻ സമ്മതപത്രം നൽകി. അപകടത്തിൽ പരുക്കേറ്റ ഇടതു കണ്ണും തലച്ചോറും ഒഴികെ നിക്കോളാസിന്റെ അസ്ഥിയും പേശികളും ഉൾപ്പെടെയുള്ള അവയവങ്ങൾ പലർക്കായി മുറിച്ചെടുത്തു. ഹെലികോപ്റ്ററിലും ആംബുലൻസുകളിലുമായി ഇൗ അവയവങ്ങൾ പല ആശുപത്രികളിലേക്കു കൊണ്ടുപോകുമ്പോൾ അമ്മ മേരിയും ഡിഗ്രി വിദ്യാർഥിയായ സഹോദരി സ്റ്റെഫാനിയും നിറകണ്ണുകളോടെ നോക്കിനിന്നു. മേരിയുടെ സഹോദരി, ഇറ്റലിയിൽ നഴ്സായ റോസിയാണ് ഇവർക്ക് താങ്ങായി കൂടെയുള്ളത്.

https://img-mm.manoramaonline.com/content/dam/mm/mo/district-news/kottayam/images/2020/2/14/twitter.jpg
എഎസ് റോമ ക്ലബ്ബിന്റെ ട്വിറ്റർ പേജിൽ നിക്കോളാസിനു നൽകിയ യാത്രാമൊഴി.

പിതാവ് ജോൺസൻ‍ 7 വർഷം മുൻപ് കേരളത്തിൽ ആയിരിക്കുമ്പോഴാണ് ഹൃദയാഘാതം മൂലം മരിച്ചത്. ജോൺസന്റെ ഓർമദിവസമായ ഇന്നു തന്നെ നിക്കോളാസിന്റെ സംസ്കാരം നടത്തുന്നത് ദൈവഹിതം എന്നു പറഞ്ഞ് ആശ്വസിക്കാനാണ് ഇവർക്ക് ഇഷ്ടം. മികച്ച ഫുട്ബോൾ താരമായിരുന്ന നിക്കോളാസ് ചെറുപ്പം മുതൽക്കേ ‍എഎസ് റോമ ക്ലബിന്റെ കടുത്ത ആരാധകനായിരുന്നു. ഇറ്റാലിയൻ പൗരനെങ്കിലും 6 മുതൽ 12 വരെ ക്ലാസുകളിൽ കട്ടച്ചിറ മേരിമൗണ്ട് സ്കൂൾ വിദ്യാർഥിയായിരുന്നു.

നെതർലൻഡ്സിൽ സ്പോർട്സ് മാനേജ്മെന്റ് കോഴ്സിനു പഠിക്കുകയായിരുന്നു. റോമിൽ അവധിക്ക് എത്തുമ്പോഴെല്ലാം ടൂറിസ്റ്റുകളുടെ ഫോട്ടോ എടുക്കാനായി ക്യാമറയുമായി പോകും. അങ്ങനെയൊരു യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് കാർ മരത്തിലിടിച്ച് അപകടം. ഇന്ന് ഇന്ത്യൻ സമയം 10.45ന്  നിക്കോളാസിന് റോമിൽ അന്ത്യവിശ്രമം ഒരുങ്ങുമ്പോൾ എഎസ് റോമ ഇംഗ്ലിഷിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ‍ഇങ്ങനെ കുറിച്ചു: പ്രിയ നിക്കോളാസ്, ശാന്തമായി ഉറങ്ങൂ.