https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/3/13/Hardik-Patel.jpg

ഹാർദിക് പട്ടേൽ എവിടെ?; 20 ദിവസമായി വിവരമൊന്നുമില്ലെന്ന് ഭാര്യ കിഞ്ചല്‍

by

അഹമ്മദാബാദ്∙ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവും പട്ടേല്‍ പ്രക്ഷോഭ നായകനുമായ ഹാര്‍ദിക് പട്ടേലിനെ ജനുവരി 18 മുതല്‍ കാണാനില്ലെന്നു ഭാര്യ കിഞ്ചല്‍. 2015ല്‍ നടന്ന പ്രക്ഷോഭങ്ങളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജനുവരി 18നാണ് അറസ്റ്റ് ചെയ്തത്. 4 ദിവസത്തിനുശേഷം ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ ജനുവരി 24ന് ജാമ്യം ലഭിച്ചിരുന്നു. 20 കേസുകളാണു ഹാര്‍ദിക്കിന്റെ പേരിലുള്ളത്.

20 ദിവസമായി ഹാർദിക്കിനെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നും ഭാര്യ കിഞ്ചല്‍ വിഡിയോയിലൂടെ വ്യക്തമാക്കി. പട്ടീദാർ പ്രക്ഷോഭകർക്കെതിരെയുള്ള എല്ലാ കേസുകളും പിൻവലിക്കുമെന്ന് 2017–ൽ  സർക്കാർ പറഞ്ഞിരുന്നു. എന്നാൽ ഹാർദിക്കിനെ മാത്രമാണ് അവർ ലക്ഷ്യമിടുന്നത്. പട്ടീദാർ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്ന, പിന്നീട് ബിജെപിയിൽ ചേർന്ന മറ്റു രണ്ടു നേതാക്കൾക്കെതിരെ നടപടിയില്ല. ഹാർദിക് ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതും അവരുടെ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരുന്നതും ഈ സർക്കാരിന് ഇഷ്ടമല്ലെന്നും കിഞ്ചൽ ആരോപിച്ചു.

അതേസമയം, ഹാർദിക് പട്ടേല്‍ എവിടെയെന്നതിനെക്കുറിച്ചു കൃത്യമായ വിവരമില്ലെങ്കിലും ഫെബ്രുവരി 11ന് നടന്ന ‍ഡൽഹി തിരഞ്ഞെടുപ്പിൽ വിജയിച്ച അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിച്ച് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ട്വീറ്റ് വന്നിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഗുജറാത്ത് സർക്കാർ തന്നെ ജയിലിൽ ഇടാൻ ശ്രമിക്കുകയാണെന്ന ആരോപണം ഫെബ്രുവരി 10ന് സമൂഹമാധ്യമങ്ങളിൽക്കൂടിയും പട്ടേൽ ഉന്നയിച്ചിരുന്നു.

English Summary: Hardik Patel missing for last 20 days, claims wife Kinjal