ഹര്‍ദിക് പട്ടേലിനെ 20 ദിവസമായി കാണാനില്ല: പരാതിയുമായി ഭാര്യ
അഹമ്മദാബാദ്: പട്ടീദാര്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20ദിവസമായി കാണാനില്ലെന്ന് പരാതി. ഭാര്യ കിഞ്ജല്‍ പട്ടേലാണ് പരാതിയുമായി രംഗത്തെത്തിയത്. ഗുജറാത്ത് ഭരണകൂടം തന്റെ ഭര്‍ത്താവിനെ ലക്ഷ്യംവെക്കുകയാണെന്നും കഴിഞ്ഞ 20 ദിവസമായി തന്റെ ഭര്‍ത്താവിനെക്കാണാനില്ലെന്നും അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലെന്നുമാണ് ഭാര്യ ചൂണ്ടിക്കാണിക്കുന്നത്. കിഞ്ജല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
'പട്ടേല്‍ സമരത്തിന്റെ പേരിലുള്ള കേസുകള്‍ ചുമത്തി ഹര്‍ദിക് പട്ടേലിനെ സര്‍ക്കാര്‍ വേട്ടയാടുകയാണ്. അന്ന് ഹര്‍ദിക്കിനൊപ്പം സമരത്തിനുണ്ടായിരുന്ന മറ്റ് നേതാക്കളുടെ പേരില്‍ കേസെടുക്കുന്നില്ല. അവരിപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്' കിഞ്ജല്‍ പട്ടേല്‍ പറഞ്ഞു.
അതേസമയം ഫെബ്രുവരി 11ന് ഡല്‍ഹി വിജയത്തില്‍ അരവിന്ദ് കേജ്‌രിവാളിന് ആശംസകളറിയിച്ച് ഹര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ജയിലിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ഹര്‍ദിക് പട്ടേല്‍ ആരോപിച്ചിരുന്നു. നാല് വര്‍ഷം മുന്‍പുള്ള സംഭവങ്ങളുടെ പേരില്‍ ഗുജറാത്ത് പോലീസ് കേസുകളില്‍ പ്രതിചേര്‍ത്ത് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.