കിടാവിന് അമിത വളര്‍ച്ച, പശുവിന് സിസേറിയന്‍; അഞ്ചുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/02/372749/cesarean-for-cow.jpg

കുറുപ്പന്തറ: പശുവിന്റെയും കിടാവിന്റെയും ജീവന്‍ രക്ഷിക്കാന്‍ പശുവിനു അഞ്ചുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ. ക്ഷീര കര്‍ഷകനായ കളരിയ്ക്കല്‍ ജോസിന്റെ പശുവിനെയാണു ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയത്.

പശു നിശ്ചിത സമയത്തും പ്രസവിക്കാതെ വന്നതോടെ മാന്‍വെട്ടം മൃഗാശുപത്രിയിലെ ഡോ. ദിവ്യാമോള്‍ തോമസിനെ അറിയിച്ചു. പരിശോധനയില്‍ കിടാവിന് അമിത വളര്‍ച്ചയുണ്ടെന്നും തലതിരിഞ്ഞാണു കിടക്കുന്നതെന്നും കണ്ടെത്തി. സഹായത്തിനായി കല്ലറ മൃഗാശുപത്രിയിലെ ഡോ. രേഖാ രവീന്ദ്രനെയും ആര്‍പ്പൂക്കര മൃഗാശുപത്രിയിലെ ഡോ. അഭിജിത് തമ്പാനെയും വിളിച്ചു.

ശസ്ത്രക്രിയ ഒഴിവാക്കി കിടാവിനെ പുറത്തെടുക്കാന്‍ രാവിലെ പത്തു മുതല്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടര്‍ന്നു കുറിച്ചിത്താനം ആശുപത്രിയിലെ ഡോ. ജോജി മാത്യുവിനെ വിളിച്ചുവരുത്തി. പരിശോധനയില്‍ മറ്റു മാര്‍ഗമില്ലെന്നു കണ്ടെത്തിയതോടെ രണ്ടിന് ശസ്ത്രക്രിയ ആരംഭിച്ചു.

അഞ്ചുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ കിടാവിനെ പുറത്തെടുത്തു. പശുവും കിടാവും സുഖമായിരിക്കുന്നു. മൂന്നുദിവസം ആന്റിബയോടിക് മരുന്ന നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പത്തുദിവസത്തിനു ശേഷം തുന്നലെടുക്കും.