ഇഷ്ടമില്ലെങ്കിൽ സിനിമ കാണണ്ട; വിമർശനങ്ങൾക്ക് മറുപടിയുമായി വിദ്യ ബാലൻ
by depika.comസ്ത്രീവിരുദ്ധതയുടെ പേരിൽ വിമർശിക്കപ്പെട്ട ബോളിവുഡ് ചിത്രം കബീർ സിംഗിനെതിരായ ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കി നടി വിദ്യ ബാലൻ. കബീർ സിംഗ് ഇഷ്ടമല്ലെങ്കിൽ ആ സിനിമ കാണാതിരിക്കുകയാണു വേണ്ടതെന്നും ഒരു സിനിമ ചെയ്യരുതെന്നു നടനോട് പറയാൻ ആർക്കാണു കഴിയുകയെന്നുമാണ് വിദ്യയുടെ വാദം.
കബീർ സിംഗ് എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ മഹത്വവത്കരിക്കുന്നതായി തനിക്കു തോന്നിയിട്ടില്ല. അതു കബീർ സിംഗിന്റെ കഥ പറയുന്ന സിനിമ മാത്രമാണ്. ഇത്തരം കബീർ സിംഗുമാർ ലോകത്ത് ധാരാളമുണ്ട്. നിങ്ങൾക്കു കബീർ സിംഗ് ഇഷ്ടമല്ലെങ്കിൽ ആ സിനിമ കാണാതിരിക്കാം. ആ സിനിമ ചെയ്യരുതെന്ന് ഒരു നടനോട് പറയാൻ നിങ്ങളാരാണ്?. ഒരു കാര്യവുമില്ലാതെ ചിലർ അഭിപ്രായം പറയുകയാണെന്നും മുംബൈ സെന്റ് സേവ്യേഴ്സ് കോളജിലെ വിദ്യാർഥികളുമായി സംവദിക്കവെ വിദ്യ കുറ്റപ്പെടുത്തി.
നേരത്തെ കബീർ സിംഗിനെയും അതിന്റെ ഒറിജിനൽ പതിപ്പായ അർജുൻ റെഡ്ഡിയെയും വിമർശിച്ച് മലയാള നടി പാർവതി തിരുവോത്ത് അടക്കമുള്ളവരും സനിമാപ്രവർത്തകരും രംഗത്തെത്തിയിരുന്നു. അർജുൻ റെഡ്ഡിയിൽ പ്രധാനകഥാപാത്രമായി വേഷമിട്ട വിജയ് ദേവരകൊണ്ടയെ മുന്നിലിരുത്തിയായിരുന്നു പാർവതിയുടെ വിമർശനം.